Friday, May 17, 2024
keralaNews

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; നഗരാതിര്‍ത്തികളില്‍ വന്‍ വാഹനത്തിരക്ക്.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയതോടെ തലസ്ഥാന നഗരത്തിലെ ഇടറോഡുകളില്‍ രാവിലെ വാഹനങ്ങളുടെ വന്‍ നിര. തിരക്കു നിയന്ത്രിക്കാന്‍ പലപ്പോഴും പൊലീസ് പാടുപെട്ടു. കര്‍ശന നിയന്ത്രണം ആണ് നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടായിരുന്നത്. പ്രധാന ആറ് വഴികള്‍ ഒഴികെ ബാക്കിയെല്ലാം അടച്ചിട്ടു. രാവിലെ ഓഫീസുകളിലേക്ക് എത്താനിറങ്ങിയവരും അവശ്യ സര്‍വ്വീസുകാരും മറ്റുമാണ് വാഹനങ്ങളുടെ നിരയില്‍ അകപ്പെട്ട് പോയത്.

തലസ്ഥാന നഗരത്തിലേക്ക് എത്താനുള്ള ഇടറോഡുകള്‍ എല്ലാം പൊലീസ് അര്‍ധരാത്രി തന്നെ അടച്ചു. എല്ലാ റോഡിലും പരിശോധന സംഘങ്ങളും ഉണ്ട്. ആറും ഏഴും ഇടത്ത് പരിശോധന പൂര്‍ത്തിയാക്കി വേണം നഗരത്തിലേക്ക് പ്രവേശിക്കാന്‍. അടച്ചിട്ട വഴിയില്‍ നിന്ന് ആളുകളെ വഴി തിരിച്ച് വിട്ടതോടെയാണ് വാഹനങ്ങളുടെ വന്‍ നിര തന്നെ രൂപപ്പെട്ടത്.

അതേ സമയം അവശ്യ സര്‍വ്വീസുകള്‍ക്ക് കടുത്ത നിയന്ത്രണം തലസ്ഥാന നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുന്ന തരത്തിലാണ് നിയന്ത്രണം എന്നാണ് പൊതു വിലയിരുത്തല്‍ ഉള്ളതെങ്കിലും ഇത്തരം സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്