Saturday, May 18, 2024
indiaNewspoliticsworld

ഇന്ത്യ നല്‍കിയ തിരിച്ചടി കനത്തതോടെ തണുപ്പിക്കാന്‍ നീക്കവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ:ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ തിരിച്ചടി നല്‍കിയതോടെ വിഷയത്തില്‍ ന്യായീകരണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയെ പ്രകോപിപ്പിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തിന്റെ ഗൗരവം മനസിലാക്കി നല്‍കാന്‍ മാത്രമായിരുന്നു ശ്രമമെന്നും ട്രൂഡോ പറഞ്ഞു. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ രാജ്യത്തിന് അകത്തുനിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രശ്നം നിസാരവത്ക്കരിക്കാനുള്ള ട്രൂഡോയുടെ ശ്രമം.
ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ലമെന്റിലെ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തുവന്നു. ട്രൂഡോ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയായിരുന്നു ട്രൂഡോ പ്രകോപനം ആരംഭിച്ചത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതായി ഇന്ന് രാവിലെ കനേഡിയന്‍ വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. കനേഡയിന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും അഞ്ച് ദിവസത്തിനുള്ളില്‍ നാടുവിടണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയം തണുപ്പിക്കാനുള്ള ശ്രമവുമായി ട്രൂഡോ രംഗത്തുവന്നിരിക്കുന്നത്.