Thursday, May 16, 2024
keralaNewsObituarypolitics

ഡോ. പി.കെ വാര്യരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍

ആയുര്‍വേദത്തിന്റെ കുലപതിയെന്ന് മുഖ്യമന്ത്രി

പികെ വാര്യര്‍ മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തില്‍ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആയുര്‍വേദത്തെ സമൂഹത്തിന്റെ താഴേതലത്തില്‍ വരെയെത്തിച്ചു. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയെ പുരോഗതിയിലേക്കും ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചു. കേരളത്തിലെ ആയുര്‍വേദ രംഗത്തെ കുലപതിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആയുര്‍വേദത്തെ ആധുനികവത്കരിച്ച ആചാര്യന്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും വാര്യരുടെ വിയോഗം തീരാനഷ്ടമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

നൂറ്റാണ്ടിന്റെ കര്‍മ്മസാക്ഷിയെന്ന് കെസി വേണുഗോപാല്‍

വൈദ്യകുലപതി പത്മഭൂഷണ്‍ ഡോ പികെ വാര്യരുടെ വിയോഗം രാജ്യത്തിന് തീരാ നഷ്ടമാണ്. കോട്ടക്കലില്‍ ഒരിക്കലെങ്കിലും ചികിത്സ തേടിയവര്‍ ആ പാരമ്ബര്യ ഗുണം അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും. കോട്ടക്കല്‍ ആര്യ വൈദ്യശാലയെന്ന ലോകോത്തര സ്ഥാപനത്തിലൂടെ, സൗഖ്യം നേടിയ ലക്ഷക്കണക്കിന് ആളുകളിലൂടെ മരണമില്ലാതെ അദ്ദേഹം എന്നും ജീവിക്കും. യുഗപ്രഭാവനായ, നൂറ്റാണ്ടിന്റെ കര്‍മ്മസാക്ഷിയായ, ക്വിറ്റിന്ത്യാ പ്രക്ഷോഭ പോരാളിയായ ഡോ പികെ വാര്യര്‍ക്ക് അന്ത്യപ്രണാമം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മതമൈത്രിയുടെ സന്ദേശ വാഹകനെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

സത്യത്തിനും ധര്‍മ്മത്തിനും മാനവികതക്കും വേണ്ടി നിലകൊണ്ടയാളാണ് ഡോ പികെ വാര്യരെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. അദ്ദേഹം മതമൈത്രിയുടെ സന്ദേശ വാഹകനായിരുന്നു. ആയുര്‍വേദ ശാസ്ത്രത്തിന്റെ പുരോഗതിയില്‍ ഗണനീയമായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കര്‍മ്മവും ചിന്തയുമെല്ലാം ജനനന്മ ലക്ഷ്യമാക്കിയിരുന്നുവെന്നും ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.

ദുഃഖം രേഖപ്പെടുത്തി മന്ത്രി വീണാ ജോര്‍ജ്

ആയുര്‍വേദ ആചാര്യന്‍ പികെ വാര്യരുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ആയുര്‍വേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അദ്ദേഹത്തെ ലോക യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചിരുന്നു. നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

രാഹുല്‍ ഗാന്ധി അനുശോചിച്ചു.

ഭാരതീയ ചികിത്സ പാരമ്പര്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി അനുശോചിച്ചു.