Thursday, April 25, 2024
keralaNews

ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷ; ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ തിരഞ്ഞ് സര്‍ക്കാര്‍

സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷയേകി സര്‍ക്കാരിന്റെ പുതിയ നീക്കം. എല്ലാ വകുപ്പുകളിലുമുള്ള ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് നല്‍കി.

സമരം തുടരുന്ന കായികതാരങ്ങളുടെ നിയമനത്തില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. അതേസമയം ഔദ്യോഗിക അറിയിപ്പ് കാക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഉറപ്പ് രേഖാമൂലം നല്‍കാനാണ് ഉദ്യോഗസ്ഥ തലത്തില്‍ തിരക്കിട്ട നടപടികള്‍ നടക്കുന്നത്. വിവിധ വകുപ്പുകളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ വകുപ്പു മേധാവികള്‍ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31നുള്ളില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി കണ്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയുടെ മിനിട്‌സ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. പിന്നാലെയാണ് ഒഴിവുകള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായത്.