Monday, May 13, 2024
keralaNewspolitics

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്. ശ്രദ്ധയില്‍പെട്ടില്ല എന്ന മറുപടി സഭയില്‍ നല്‍കിയത് ആശയക്കുഴപ്പം മൂലമാണ് . ആരോഗ്യവകുപ്പിലെ രണ്ട് വിഭാഗങ്ങള്‍ ഉത്തരം തയ്യാറാക്കിയതുമൂലം സംഭവിച്ച പിശകാണിത്. തിരുത്തിയ ഉത്തരം സഭയില്‍ വയ്ക്കാന്‍ സ്പീക്കറുടെ അനുമതി തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിചിത്ര മറുപടിയുമായി മന്ത്രി

സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മാത്യു കുഴല്‍നാടന്‍ നാലാം തീയതി ചോദിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള ഉത്തരം. എന്നാല്‍ ഉത്തരം നല്‍കിയതില്‍ ആശയക്കുഴപ്പമുണ്ടായതാണെന്നും തിരുത്താന്‍ സ്പീക്കറുടെ ഓഫിസിന് അപേക്ഷനല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുമ്പോഴാണ് അക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഭയില്‍ മറുപടി നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയുന്നതിന് നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിന് 2012ലെ കേരള ആരോഗ്യരക്ഷാ സേവനപ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവനസ്ഥാപനങ്ങളും ആക്ടില്‍ പറയുന്ന ശിക്ഷാനടപടികള്‍ പര്യാപ്തമാണെന്നും മറുപടി നല്‍കി. പൊതുജനങ്ങള്‍ക്കിടയില്‍ പത്രദൃശ്യമാധ്യമങ്ങള്‍ വഴി ബോധവല്‍ക്കരണം നടത്താനും നടപടി സ്വീകരിച്ചുവരുന്നുണ്ട്.ഈ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടി പ്രത്യേകനിയമനിര്‍മാണം നടത്തുമോ എന്ന ചോദ്യത്തിനും ഇതേ മറുപടി തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. പുതിയ നിയമനിര്‍മാണത്തിന്റെ ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. അക്രമം തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം ചെയ്തതിന് പിന്നാലെ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി ചര്‍ച്ചയായി.ഇതോടെയാണ് മറുപടി തെറ്റിപ്പോയെന്നും ആശയക്കുഴപ്പം മൂലമാണ് സംഭവിച്ചതെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചത്. ആരോഗ്യവകുപ്പിലെ രണ്ട് സെക്ഷനുകള്‍ ഉത്തരം തയ്യാറാക്കിയപ്പോള്‍ സംഭവിച്ചതാണിത്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. തിരുത്തിയ മറുപടി സഭയില്‍ വയ്ക്കുന്നതിന് അനുമതി തേടി സ്പീക്കറുടെ ഓഫിസില്‍ അപേക്ഷനല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.