Tuesday, May 14, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം;തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കും

  • പരമ്പരാഗത കാനനപാത യാത്ര നിരോധിക്കും .
  • ആന്റിജന്‍ പരിശോധന കേന്ദ്രം തുടങ്ങും .

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം ക്രമാതീതമായി കുറയ്ക്കാനും-എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്താതെ തീര്‍ഥാടനം നടത്താനും മുഖ്യമന്ത്രി അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചതായി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോവിഡിന്റെ സുരക്ഷാനടപടികള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും തീര്‍ഥാടനം നടക്കുകയെന്നും യോഗം തീരുമാനിച്ചു. ഇന്ന് രാവിലെ ഓണ്‍ലൈന്‍ വഴി നടത്തിയ തീര്‍ഥാടന അവലോകന യോഗത്തിലാണ് തീരുമാനിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.തീര്‍ത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കും എല്ലാ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള ആന്റിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ഇതോടൊപ്പം തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ഥാടകരുടെ യാത്ര പൂര്‍ണമായും നിരോധിക്കും.തീര്‍ത്ഥാടന വേളയില്‍ ജോലിക്കെത്തുന്ന പോലീസ് സേനയുടെയും,ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിശുദ്ധ സേനയുടെയും,അംഗസംഖ്യ കുറയ്ക്കും. ശബരിമല തീര്‍ത്ഥാടനത്തിന് പ്രധാന ആചാരാനുഷ്ഠാനങ്ങളില്‍ ഒന്നായ എരുമേലി പേട്ടതുള്ളല്‍ നടത്തുന്നത് സംബന്ധിച്ച ച്ച റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു.

എരുമേലിയില്‍ അടക്കം വരുന്ന ശബരിമല തീര്‍ത്ഥാടനത്തിന് പ്രധാന ഇടത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തീര്‍ഥാടനം ആരംഭിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഐഎഎസ് ഓഫീസര്‍മാരുടെ ഉന്നതാധികാര സമിതിയും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തീര്‍ത്ഥാടന സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ തീര്‍ത്ഥാടനത്തിന് മുമ്പ് വീണ്ടും നടത്താന്‍ യോഗം ചേരുമെന്നും പ്രസിഡന്റ് പറഞ്ഞു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതില്‍ വിവിധ വകുപ്പ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍,മന്ത്രി കെ രാജു, ഗതാഗത വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രന്‍, ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ, വിവിധ വകുപ്പുതല മേധാവികള്‍ ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്,കര്‍ണാടക,ആന്ധ്ര,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ എത്തുന്നത്. ഇവിടങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത തീരുമാനമെടുത്താല്‍ ദേവസ്വം ബോര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് എല്ലാവരും. ഒരുദിവസം 5000 തീര്‍ഥാടകരെ ദര്‍ശനത്തിനായി അനുവദിക്കുമെന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. തീര്‍ഥാടനവുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡ് കടകള്‍ അടക്കം ഒന്നും ഇതുവരെ ലേലം നടത്തിയിട്ടില്ല.