Thursday, May 2, 2024
indiaNewspolitics

ട്വിറ്ററിന്റെ ഇന്ത്യയിലെ നോഡല്‍ ഓഫീസറായി മലയാളിയെ നിയമിച്ചു

ട്വിറ്ററിന്റെ ഇന്ത്യയിലെ നോഡല്‍ ഓഫീസറായി കൊച്ചി സ്വദേശിയായ മലയാളി ഷാഹിന്‍ കോമത്തിനെ നിയമിച്ചു. പുതുക്കിയ ഐ.ടി നയങ്ങള്‍ പ്രകാരമാണ് തദ്ദേശീയനായ ഒരാളെ ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി എല്ലാ സമൂഹ മാധ്യമങ്ങളും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് ഐ.ടി ഇന്റര്‍മീഡിയറി ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ ഏജന്‍സികളും മറ്റും ഉന്നയിക്കുന്ന നിയമ വിഷയങ്ങള്‍ അഭിമുഖീകരിക്കല്‍, ട്വിറ്ററിന് വേണ്ടി വിശദീകരണങ്ങളും പരിഹാരവും നല്‍കല്‍, തുടങ്ങിയവയാണ് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറുടെ ദൗത്യങ്ങള്‍. നേരത്തെ ചൈനീസ് ആപ്പായ ടിക്ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാന്‍സി ന്റെ നോഡല്‍ ഓഫീസറായിരുന്നു ഷാഹിന്‍ കോമത്ത്. വൊഡഫോണിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലായിരുന്നു ഷാഹിന്‍ കോമത്തിനെ നിയമിച്ച കാര്യം ട്വിറ്റര്‍ അറിയിച്ചത്. നേരത്തെ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ട്വിറ്റര്‍ വൈകിയതിനെ ഡല്‍ഹി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഇന്ത്യക്കാരനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന കേന്ദ്രത്തിന്റെ ഉത്തരവ് തുടക്കത്തില്‍ ട്വിറ്റര്‍ പാലിച്ചിരുന്നില്ല. പിന്നാലെ, രാജ്യത്തിന്റെ നിയമം പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇവിടെ തുടരാന്‍ അനുവദിക്കില്ലെന്നടക്കം ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.