Monday, May 6, 2024
keralaNews

ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതല്‍ സ്ത്രീധനം ലഭിക്കുമെന്ന് കിരണ്‍

‘ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, എനിക്ക് ഇതിലും കൂടുതല്‍ സ്ത്രീധനം ലഭിക്കും’ ഇതുപറഞ്ഞാണ് വിസ്മയയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്ത്.ഒന്നര ഏക്കറോളം സ്ഥലവും 12 ലക്ഷം രൂപയുടെ കാറും സ്വര്‍ണാഭരണങ്ങളും വിവാഹസമയത്തു നല്‍കിയിരുന്നു. ഇതിലും വിലകൂടിയ കാര്‍ വേണമെന്നും 10 ലക്ഷം രൂപ കൂടി നല്‍കണമെന്നും ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് വിജിത്ത് പറഞ്ഞു.

വിസ്മയയെ കിരണ്‍കുമാറിന്റെ അമ്മയും മര്‍ദിച്ചിരുന്നതായി വിസ്മയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമാണ് കിരണ്‍ മര്‍ദിച്ചത്. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ട്. ഫാദേഴ്‌സ് ഡേയ്ക്ക് മെസേജ് അയച്ചതിന് ഫോണ്‍ തല്ലിപൊട്ടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭര്‍ത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിത പറഞ്ഞു. മകള്‍ക്കു പഠിക്കാനുള്ള പണം പോലും കിരണ്‍ നല്‍കിയിരുന്നില്ല. വിസ്മയ ഫോണ്‍ ചെയ്ത് എന്നോടു പഠനത്തിനുള്ള പണം ചോദിച്ചിരുന്നു. ബന്ധുക്കളെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കില്ല, കണ്ടാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്നും അമ്മ പറഞ്ഞു.