Friday, May 3, 2024
keralaNews

ഞങ്ങള്‍ക്കൊന്നും വേണ്ട; വധുവിന്റെ വീട്ടുകാര്‍ക്ക് 50 പവന്‍ തിരിച്ചുനല്‍കി വരന്‍

സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും പീഡനങ്ങളും തുടര്‍ക്കഥയാകുമ്‌ബോള്‍ സമൂഹത്തിന് മാതൃകയായി ഒരു വിവാഹം. വധുവിന് പെണ്‍വീട്ടുകാര്‍ നല്‍കിയ സ്വര്‍ണം തിരിച്ചുനല്‍കിയാണ് ആലപ്പുഴ പണയില്‍ നടന്ന വിവാഹം വ്യത്യസ്തമായത്. വ്യാഴാഴ്ച പണയില്‍ ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ.വി. സത്യന്‍- ജി. സരസ്വതി ദമ്പതിമാരുടെ മകന്‍ സതീഷ് സത്യനും നൂറനാട് പണയില്‍ ഹരിമംഗലത്ത് പടീറ്റതില്‍ ആര്‍. രാജേന്ദ്രന്‍-പി. ഷീല ദമ്ബതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹം.

പതിവ് പോലെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് വധു എത്തിയത്. എന്നാല്‍ വിവാഹശേഷം സമ്മാനമായി നല്‍കിയ 50 പവന്‍ സ്വര്‍ണം എസ്എന്‍ഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു കൈമാറുകയായിരുന്നു. നാദസ്വര കലാകാരനാണ് 28 കാരനായ സതീഷ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന വിവാഹത്തില്‍ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.