Friday, May 17, 2024
indiaNews

ജമ്മു വിമാനത്താവള സ്‌ഫോടനത്തില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ചെന്ന് സംശയം

മ്മു വിമാനത്താവള സ്‌ഫോടനത്തില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ചെന്ന് സംശയം. രണ്ടു കിലോ വീതം സ്‌ഫോടകവസ്തു ഡ്രോണുകള്‍ വര്‍ഷിച്ചു എന്നാണ് നിഗമനം. നൂറു മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നാണ് സ്‌ഫോടകവസ്തു ഇട്ടത്. ഇത് ഇന്ത്യയില്‍ നിന്ന് തന്നെ അയച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണം ഇന്ന് ഔദ്യോഗികമായി എന്‍ഐഎക്ക് കൈമാറിയേക്കും.ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയില്‍ ഇന്നലൊണ് ഭീകരാക്രമണം ഉണ്ടായത്. പുലര്‍ച്ചെ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വ്യോമസേനയുടെ ഒരു കെട്ടിടം തകര്‍ന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു. ജമ്മുവില്‍ തിരക്കുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള മറ്റൊരു നീക്കം ജമ്മുകശ്മീര്‍ പൊലീസ് തകര്‍ത്തു.

ഇന്നലെ പുലര്‍ച്ചെ 1.35നായിരുന്നു ആദ്യ സ്‌ഫോടനം. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായി. വിമാനത്താവളത്തിലെ വ്യോമസേന നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഏര്യയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്‌ഫോടകവസ്തു വന്നു വീണത്. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. മറ്റൊരു സ്‌ഫോടനം നടന്നത് അടുത്തുള്ള തുറസ്സായ സ്ഥലത്ത്. സ്‌ഫോടനത്തില്‍ അടുത്തുള്ള വീടുകളും വിറച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ വര്‍ഷിച്ചു എന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് സ്ഥിരീകരിച്ചു. വ്യോമസേനയുടെ പട്രോളിംഗ് സംഘം ഡ്രോണ്‍ കണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എസ്ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദപരിശോധന നടത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എന്‍ഐഎ സംഘവും അന്വേഷണം തുടങ്ങി.

പാക് കേന്ദ്രീകൃത ഭീകരസംഘടനകള്‍ക്ക് പങ്കാണ് സംശയിക്കുന്നത്. ജമ്മുകശ്മീര്‍ പോലീസ് യുഎപിഎ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. താവളത്തിലുണ്ടായിരുന്ന വ്യോസേന വിമാനങ്ങളാണോ ലക്ഷ്യമെന്ന് സംശയിക്കുന്നു. വലിയ പദ്ധതിക്കു മുന്നോടിയായുള്ള പരീക്ഷണവുമാകാം. രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.പ്രതിരോധമന്ത്രിയും ദേശീയസുരക്ഷ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്തി. ഉന്നതതല അന്വേഷണം നടക്കുന്നതായി വ്യോമസേനയും അറിയിച്ചു.ജമ്മുവിനു പുറമെ പഠാന്‍കോട്ടിലും ശ്രീനഗറിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് സേന താവളത്തില്‍ നടത്തുന്ന ആദ്യ സ്‌ഫോടനമാണ് ജമ്മുവിലേത്. ഇന്ത്യയുടെ തന്ത്രപ്രധാന വിമാനത്താവളത്തിലെ വ്യോമസേന മേഖലയിലെ ഈ സ്‌ഫോടനം സുരക്ഷ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലെ പാര്‍ട്ടികളെ വിളിച്ച് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഈ സംഭവം.