Thursday, May 9, 2024
keralaNewspolitics

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനാതിര്‍ത്തികള്‍ പരിസ്ഥിതി ലോല പ്രദേശമാക്കരുത് മുഖ്യമന്ത്രി

കണ്ണൂര്‍ : ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനാതിര്‍ത്തിയിലെ മേഖലയെ പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന.                           

ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും വേണ്ടി വന്നാല്‍ സൂപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയുടെ വനവല്‍ക്കരണത്തിന് അനുകൂലമായ തീരുമാനത്തെ സര്‍ക്കാരും അനുകൂലിക്കുന്നുണ്ട്.

സര്‍ക്കാര്‍ ഇതിനായി നേരത്തെ തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നാണ് പിണറായി വിജയന്‍ പറയുന്നത്.

സുപ്രീം കോടതി ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ രാഷ്ട്രീയ ഇടപെടലും നടത്തും. കണ്ണൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ച് സുപ്രീം കോടതി ഉത്തരവ് പ്രകാരം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കേണ്ടിവരും. ഇതിനെ രാഷ്ട്രീയപരമായല്ല നിയമപരമായിട്ടാണ് കൈകാര്യം ചെയ്യേണ്ടത്. മുഖ്യമന്ത്രിയെ കാണുമെന്നും ആശയവിനിമയം നടത്തുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.