Wednesday, May 15, 2024
keralaNewspolitics

കെ റെയില്‍: വിദഗ്ധാഭിപ്രായം പരിഗണിച്ചേ കെ റെയില്‍ പദ്ധതി നടപ്പിലാക്കൂ; ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: കെ റെയില്‍ വിദഗ്ധാഭിപ്രായം പരിഗണിച്ചേ കെ റെയില്‍ പദ്ധതി നടപ്പിലാക്കൂവെന്ന് ബൃന്ദ കാരാട്ട് .വിഷയത്തില്‍ പിണറായിയെ തിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ പ്രസ്താവന.

വിദഗ്ധാഭിപ്രായം പരിഗണിച്ചേ കെ റെയില്‍ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് പാര്‍ട്ടി നിലപാടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ബൃന്ദാ കാരാട്ടിന്റെ ഈ പ്രസ്താവന.

തൃക്കാക്കരയില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ മുന്‍ അഭിപ്രായത്തെ തള്ളിപറയുന്നതാണ് ബൃന്ദാ കാരാട്ടിന്റെ ഈ പ്രസ്താവന.

കഴിഞ്ഞദിവസം കെ റെയിലിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിശദ പദ്ധതി രേഖ സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ കല്ലിടലടക്കമുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു.ജനരോഷം വര്‍ദ്ധിച്ചതും ഉപതിരഞ്ഞെടുപ്പ് അടുത്തതും കല്ലിടലില്‍ നിന്ന് പിന്‍വാങ്ങാന്‍ സംസ്ഥാനസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയായിരുന്നു.

കെറെയില്‍ പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണ്ണമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ അധികം തുക ചെലവ് വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.പദ്ധതിയുടെ സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി ഡിപിആറില്‍ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു.