Sunday, May 19, 2024
keralaNews

ചോദ്യത്തിനൊപ്പം ഉത്തരസൂചിക നല്‍കിയ പരീക്ഷ റദ്ദാക്കി :പുതിയ പരീക്ഷ മെയ് മൂന്നിന്

തിരുവനന്തപുരം: ചോദ്യത്തിനൊപ്പം ഉത്തരസൂചികയും നല്‍കിയ പരീക്ഷ റദ്ദാക്കിയ കേരള സര്‍വകലാശാല. കേരള യൂണിവേഴ്‌സിറ്റി നാലാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക തന്നെ നല്‍കിയത് വിവാദമായിരുന്നു. ഫെബ്രുവരിയിലാണ് ഈ പരീക്ഷ നടന്നത്.ഈ പരീക്ഷ പൂര്‍ണമായും റദ്ദാക്കുന്നതായും പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നും കേരള സര്‍വകലാശാല അറിയിച്ചു.സിഗ്‌നല്‍സ് ആന്റ് സിസ്റ്റംസ്’ പരീക്ഷ എഴുതിയവര്‍ക്കാണ് സര്‍വകലാശാലയുടെ ഈ ‘അപ്രതീക്ഷിതസഹായം’ ലഭിച്ചത്. പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകന്‍ ഉത്തരസൂചിക കൂടി അയച്ചുകൊടുക്കും. പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചികയാണ് അടിച്ച് അയച്ചത്.

മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകന്‍ ചോദ്യപ്പേപ്പര്‍ കൂടി അയച്ചുതരാന്‍ പരീക്ഷാ കണ്‍ട്രോളറെ ബന്ധപ്പെട്ടപ്പോഴാണ് വീഴ്ച വ്യക്തമായതും ശ്രദ്ധയില്‍പ്പെട്ടതും. എന്നാല്‍ ഇതേവരെ സര്‍വകലാശാല വീഴ്ചയില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിട്ടില്ല.കഴിഞ്ഞ വര്‍ഷത്തെ ചോദ്യപ്പേപ്പര്‍ ഈ വര്‍ഷവും ആവര്‍ത്തിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വീഴ്ചയും പുറത്തുവന്നത്.