Friday, May 17, 2024
indiaNewsObituarypoliticsworld

ചെഗുവേരെയെ വെടിവെച്ചു കൊന്ന ബൊളീവിയന്‍ സൈനികന്‍ മരിച്ചു

ബൊളീവിയന്‍ സൈന്യം പിടികൂടിയ ചെഗുവേരയെ വെടിവെച്ചു കൊന്നെന്ന് അവകാശപ്പെട്ട ബൊളീവിയന്‍ സൈനികന്‍ മരിച്ചു.                                                                  80 വയസ്സുകാരനായ മാരിയോ ടെറന്‍ സലാസര്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എഎഫ്പിയാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൈനികന്റെ മരണവിവരം അദ്ദേഹത്തിന്റെ ബന്ധുക്കളാണ് പുറത്തുവിട്ടത്. സൈനിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം മാദ്ധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ ജീവിക്കുകയായിരുന്നു മാരിയോ.                                                                                എന്നാല്‍ മാരിയോ ചികിത്സയിലായിരുന്ന സാന്റാക്രൂസ് സിറ ആശുപത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷയെ തുടര്‍ന്നാണിത്. രണ്ട് ക്യൂബന്‍ അമേരിക്കന്‍ സിഐഎ ഏജന്റുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 1967 ഒക്ടോബര്‍ എട്ടിനാണ് ചെഗുവേരയെ ബൊളീവിയന്‍ സൈന്യം പിടികൂടുന്നത്. തുടര്‍ന്ന് ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബെറിയന്റോസിന്റെ ഉത്തരവിനെ തുടര്‍ന്ന് അദ്ദേഹത്തെ വധിക്കുകയായിരുന്നു.

ചെഗുവരയെ വധിക്കാന്‍ നേരം അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് വല്ലാത്ത തിളക്കമായിരുന്നുവെന്ന് മാരിയോ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ തന്റെ തലകറങ്ങുന്നത് പോലെ അനുഭവപ്പെട്ടുവെന്നും മാരിയോ വിശദീകരിച്ചു. നന്നായി ലക്ഷ്യം വെയ്ക്കൂ എന്നാണ് ചെഗുവേര അവസാനമായി തന്നോട് പറഞ്ഞതെന്നും മാരിയോ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.