Tuesday, May 14, 2024
keralaNews

ചുഴലിക്കാറ്റ് കേരളത്തില്‍ കനത്ത നാശം വിതേച്ചയ്ക്കും….

കേരളത്തിനു പടിഞ്ഞാറ്, അറബിക്കടലിന്റെ തെക്ക്കിഴക്ക് ഭാഗത്തായി രൂപംകൊണ്ട ചുഴലിയുടെ ശക്തിയും ആഘാത സാധ്യതയും നാളെയോടെ കൂടുതല്‍ വ്യക്തമാകും. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇപ്പോള്‍ പുറത്തുവിട്ട വിവരമനുസരിച്ച് ചുഴലി മംഗളൂരുവില്‍ കരതൊടാനാണ് സാധ്യത. 600 കിലോമീറ്ററിലധികം വ്യാസമുള്ള ചുഴലിയായതിനാല്‍ ജാഗ്രത ഒട്ടും കുറയ്ക്കാനാവില്ലെന്നും കൊച്ചി സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ എം.ജി. മനോജ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യമനുസരിച്ചു ചുഴലിയുടെ വലതുഭാഗത്താണ് കേരളം. സാധാരണ ഇത്തരം ചുഴലികളുടെ വലതുഭാഗത്താണ് ആഘാതം കൂടുതലുണ്ടാകാറെന്നും അദ്ദേഹം വ്യക്തമാക്കി.

ചുഴലിയുടെ ട്രാക്ക് ഇന്ന് കൂടുതല്‍ വ്യക്തമാകുന്നതോടെ പ്രത്യാഘാതസാധ്യതയും സഞ്ചാര രീതിയും സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കും. അതിന്റെ ഗതി ഒമാന്‍ ഭാഗത്തക്കാണെങ്കില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കൊണ്ടുള്ള മഴയും അനുബന്ധപ്രശ്‌നങ്ങളും മാത്രമേ സംസ്ഥാനത്തുണ്ടാകൂ. അല്ലെങ്കില്‍ മഴ കനക്കുമെന്നാണ് നീരീക്ഷണം. സ്വാഭാവികമായും പല സ്ഥലങ്ങളും വെള്ളത്തിലാകും. മറ്റു പ്രശ്‌നങ്ങളും ഉണ്ടായേക്കും.

കേരളത്തിനു പുറമേ, തമിഴ്‌നാട്ടിലും കര്‍ണാടകയിലും ചിലയിടങ്ങളില്‍ തീവ്ര മഴയ്ക്കുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. ചുഴലി മഹാരാഷ്ട്ര ഭാഗത്തേക്കാണെങ്കില്‍ കോവിഡിന്റെ അതിതീവ്രവ്യാപനത്തില്‍ തളര്‍ന്ന മുംബൈയുടെ പലഭാഗത്തും വെള്ളം കയറാം.ഇപ്പോഴത്തെ ചില സൂചനകള്‍ അനുസരിച്ച് ചുഴലി ഗുജറാത്ത് തീരത്തേക്കു പോകാനുള്ള സാധ്യതയും ചര്‍ച്ചചെയ്യപ്പെടുന്നു. അങ്ങനെയെങ്കില്‍ വടക്കന്‍ കേരളത്തിലായിരിക്കും വരും ദിവസങ്ങളില്‍ തുടര്‍ച്ചയായ കനത്ത മഴ പെയ്യുക. കാരണം കടലിനു സമീപത്തേക്ക് കൂടുതല്‍ തള്ളിനില്‍ക്കുന്ന മേഖലയാണിത്. ഇപ്പോള്‍ തെക്കന്‍ കേരളത്തിലും തീരപ്രദേശത്തുമാണ് മഴ ശക്തം.