Thursday, May 2, 2024
keralaNewsObituary

ചികിത്സ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചു; ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രി പൂട്ടിച്ചു

മതിയായ ചികിത്സ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് വല്ലച്ചിറ പഞ്ചായത്തില്‍ പല്ലിശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനമായ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരിട്ടെത്തി അടപ്പിച്ചു. സാന്ത്വന പരിചരണം നല്‍കാനായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചിരുന്നവരില്‍ പലര്‍ക്കും കോവിഡ് ബാധിച്ചിരുന്നെങ്കിലും ശരിയായ ചികിത്സ നല്‍കിയിരുന്നില്ല. ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ കൊണ്ടു പോകാതെ അവിടെ തന്നെ പരിചരിക്കുകയായിരുന്നു. സ്ഥാപനത്തില്‍ ആകെയുള്ള ഒരു ഡോക്ടര്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി കോവിഡ് ബാധയെ തുടര്‍ന്ന് വരുന്നില്ല.

കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇവര്‍ ആരോഗ്യ വിഭാഗത്തിന് കൈമാറിയിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടെ മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ കൊല്ലം സ്വദേശിയായ ഒരാളുടെ മൃതദേഹം കോവിഡ് നെഗറ്റീവ് എന്ന് ധരിപ്പിച്ചാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ബന്ധുക്കള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് ആണെന്ന് കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റിനും പരാതി നല്‍കി. ബുധനാഴ്ച ഡിഎംഒ ഡോക്ടര്‍ റജീന സ്ഥാപനത്തില്‍ നേരിട്ടെത്തി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. കോവിഡ് ബാധിച്ചവരില്‍ ബാക്കിയുണ്ടായിരുന്ന 9 പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.                                                                                            സ്ഥാപനത്തില്‍ പരിചരണത്തിലുണ്ടായിരുന്ന മറ്റ് രോഗികളെയും കൂട്ടിരിപ്പുകാരെയും അവിടെത്തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തി.ഗുരുതര രോഗമില്ലാത്ത മറ്റുള്ളവരെ അവരവരുടെ വീടുകളിലേയ്ക്ക് അയച്ചു. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ ടി സജീവന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.