Friday, April 19, 2024
keralaNewspolitics

ജോസ് കെ. മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായേക്കും.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായേക്കും. കാബിനറ്റ് റാങ്കുള്ള പദവി നല്‍കിയാല്‍ ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സിപിഎം നേതാക്കളുമായി ജോസ് കെ മാണി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ പരാജയപ്പെട്ട ജോസിന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാമെന്നു സിപിഎം ഉറപ്പ് നല്‍കിയിരുന്നു.മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു ഇതിന് മുന്‍പ് ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് രൂപീകരിച്ചതാണ് ഭരണ പരിഷ്‌കരണ കമ്മീഷന്‍. 31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫീസും വസതിയും ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന് ലഭിക്കും. ഫലത്തില്‍ മന്ത്രിസ്ഥാനത്തിന് തുല്യമായ പദവിയാണിത്. മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്താല്‍ മതി. ഭരണ പരിഷ്‌കരണ കമ്മീഷന്‍ പദവി നല്‍കിയില്ലെങ്കില്‍ കാര്‍ഷിക കമ്മീഷന്‍ രൂപീകരിച്ച് അദ്ധ്യക്ഷ പദവി നല്‍കുന്ന കാര്യവും സിപിഎമ്മിന്റെ ആലോചനയിലുണ്ട്.