Friday, May 17, 2024
keralaNewspolitics

ചളവറ ഗ്രാമപഞ്ചായത്തില്‍ 110 കെ.വി.വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കി.

ചളവറയില്‍ 110 കെ.വി. വൈദ്യുതി സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചളവറ ഗ്രാമപഞ്ചായത്ത് വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കി. ചളവറ പഞ്ചായത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നിരന്തരമായ വൈദ്യുതി തടസ്സം നേരിടുന്നത് പതിവാണ്. തുടര്‍ച്ചയായുണ്ടാവുന്ന വൈദ്യുതി തടസ്സം വാണിജ്യ- വ്യവസായ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

നിലവില്‍ ചളവറയില്‍ വൈദ്യുതി എത്തുന്നത് 110 കെ.വി. ചെര്‍പുളശ്ശേരി സബ് സ്റ്റേഷനില്‍ നിന്നുള്ള 11 കെ.വി. കോത കുര്‍ശ്ശി, 11 കെ.വി. പേങ്ങാട്ടിരി ഫീഡറുകള്‍ വഴിയും 220 കെ.വി. സബ് സ്റ്റേഷനില്‍ നിന്നുള്ള 11 കെ.വി. ചളവറ ഫീഡര്‍ വഴിയുമാണ്. നിലവില്‍ പഞ്ചായത്ത് പരിധിയിലെ പതിനായിരത്തോളം ഉപഭോക്താക്കള്‍ കോത കുര്‍ശ്ശി, വല്ലപ്പുഴ, പേങ്ങാട്ടിരി കെ.എസ്.ഇ.ബി. സെക്ഷനുകളുടെ പരിധിയിലാണ്. ഈ മൂന്ന് സെക്ഷനുകളിലുമായി പതിനായിരത്തോളം എല്‍. ടി. കണക്ഷനുകളും മൂന്ന് എച്ച്. ടി. കണക്ഷനുകളുമുണ്ട്. ഇവക്കായി 56 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് 11 കെ.വി. ഫീഡറുകളുടെയും വാലറ്റപ്രദേശത്താണ് ചളവറ പഞ്ചായത്തിലെ വൈദ്യുതി ഉപഭോക്താക്കളിലേറെയും.

മിക്കപ്പോഴും 11 കെ.വി. ഫീഡറുകള്‍ വൈകുന്നേരത്തോടെ ഓവര്‍ലോഡ് ആവുന്നു. 11 കെ.വി.ലൈനുകള്‍ ഒന്നിലധികം സെക്ഷന്‍ പരിധിയിലൂടെ വരുന്നതായതിനാല്‍ മറ്റ് സെക്ഷനില്‍ അറ്റക്കുറ്റപ്പണി നടക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി തടസ്സം ഫീഡറുകളുടെ അഗ്രഭാഗത്തുള്ള ചളവറയിലെ ഉപഭോക്താക്കളെ എപ്പോഴും ബാധിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെങ്കില്‍ ചളവറയില്‍ ഒരു 110 കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ചെര്‍പുളശ്ശേരി 110 കെ.വി. ടവര്‍ ലൈനില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ 1 10 കെ.വി. ലൈന്‍ വലിച്ചാല്‍ പുതിയ സബ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഈ ആവശ്യം ഉന്നയിച്ച് ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ചന്ദ്രബാബു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ.അനില്‍കുമാര്‍, കെ.രാജനാരായണന്‍ എന്നിവര്‍ പി. മമ്മിക്കുട്ടി എം.എല്‍.എ.യുടെ സാന്നിദ്ധ്യത്തില്‍ കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് നിവേദനം നല്‍കി.