Friday, May 17, 2024
keralaLocal NewsNews

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നാളെ

എരുമേലി: ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നാളെ നടക്കും. അമ്പലപ്പുഴ ആലങ്ങാട് ദേശക്കാരുടെ ആചാരാനുഷ്ഠാനങ്ങളോടെയുള്ള പേട്ടതുള്ളലാണ് 11 ന് ചൊവ്വാഴ്ച നടക്കുന്നത്. അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്നും ആദ്യം ആരംഭിക്കുന്നത്. ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ രണ്ടാമതും നടക്കും. പുതുതായി ഗുരുസ്വാമിയായി ചുമതലയേറ്റ ഗോപാലകൃഷ്ണപിള്ള സ്വാമിയാണ് സമൂഹ പെരിയോനായി അമ്പലപ്പുഴ പേട്ട സംഘത്തെ നയിക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്നും ഉച്ചയോടെ പുറപ്പെടുന്നത്. തുടര്‍ന്ന് സംഘം വാവരു പള്ളിയിലും കയറി വാവരുടെ പ്രതിനിധിയുമായാണ് പേട്ട തുള്ളല്‍ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്. ആകാശ നെറുകയില്‍ പൊന്‍നക്ഷത്രം തിളങ്ങുന്നതോടെയാണ് രണ്ടാമത്തെ സംഘമായ ആലങ്ങാട് പേട്ട സംഘം കൊച്ചമ്പലത്തില്‍ നിന്നും ഉച്ചകഴിഞ്ഞ് പേട്ട തുള്ളല്‍ ആരംഭിക്കുന്നത്. ആലങ്ങാട് സംഘം ഗുരുസ്വാമി എ കെ വിജയകുമാര്‍ , യോഗം പ്രതിനിധി രാജേഷ് കുറുപ്പ് പുറയാറ്റ് കളരി എന്നിവരുടെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ നടക്കുന്നത്. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയിയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെയാണ് പോകുന്നത് .

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കര്‍ശനമായ നിയന്ത്രണമാണ് ഒരുക്കിയിരിക്കുന്നത്. ഇരു പേട്ട സംഘങ്ങള്‍ക്കും ഒരു ആനയെ മാത്രമാണ് എഴുന്നള്ളിക്കാന്‍ കഴിയൂ. വാദ്യമേളങ്ങളും, കാവടിയാട്ടവും , പൂക്കാവടിയും , പേട്ടതുള്ളലിന് മികവേകും. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ നിയന്ത്രണങ്ങളില്ല. വലിയമ്പലം മേല്‍ശാന്തി റ്റി എസ് രാജേഷ് നമ്പൂതിരി ദേവര്‍ മഠം, പേട്ട കൊച്ചമ്പലം മേല്‍ശാന്തി മനോജ് നമ്പൂതിരി, എരുമേലി പേട്ടതുള്ളല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ , ബോര്‍ഡ് മെമ്പര്‍മാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്‍, എരുമേലി എസ് എച്ച് ഒ മനോജ് മാത്യു നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു , എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി .പി സതീഷ് കുമാര്‍ , അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി, ശബരിമല അയ്യപ്പസേവാ സമാജംസംസ്ഥാന സെക്രട്ടറി എസ്. മനോജ് , എരുമേലി ഗ്രാമപഞ്ചായത്ത് , എരുമേലി ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്, വ്യാപാരി വ്യവസായി സമിതികള്‍ ,കെ എസ് ആര്‍ ടി സി, കേരള വെള്ളാള മഹാസഭ, എന്‍എസ്എസ് എരുമേലി കരയോഗം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്വീകരണവും നടക്കും.