Monday, April 29, 2024
keralaNews

ചരിത്രത്തിലാദ്യമായി ആചാരാനുഷ്ഠാനം മാത്രമായി എരുമേലി പേട്ടതുള്ളല്‍ 11ന്, ചന്ദനക്കുടം നാളെ..

എരുമേലി : ആചാരാനുഷ്ഠാന പെരുമയില്‍ ശരണമന്ത്രങ്ങള്‍ പെയ്തിറങ്ങുന്ന എരുമേലിയില്‍ ശബരിമല തീര്‍ഥാടനത്തിന് സമാപനം വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നാളെ.ഭക്തിയുടെ ദൈവീക സാന്നിധ്യവും വര്‍ണ്ണ വിസ്മയങ്ങളുടെ നിറക്കാഴ്ചയും ഒരുക്കുന്ന എരുമേലി പേട്ടതുള്ളല്‍ ഇത്തവണ ചരിത്രത്തിലാദ്യമായി ആചാര അനുഷ്ഠാനങ്ങള്‍ മാത്രമായി നടക്കുകയാണ്.മനുഷ്യസ്ത്രീയുടെ ശരീരവും എരുമയുടെ ശിരസ്സും ഏന്തിയ മഹിഷിയെന്ന ഉഗ്രരൂപിണിയുടെ ആക്രമണത്തില്‍ വിറങ്ങലിച്ച ഗ്രാമത്തെ രക്ഷിക്കാനായി അയ്യപ്പന്‍ മണികണ്ഠനായി അവതരിക്കുകയും, തന്റെ അവതാര ലക്ഷ്യമായ മഹിഷിയെ വധിക്കുകയും ചെയ്തതിന്റെ സന്തോഷം പങ്കിടാനായി നാട്ടുകാര്‍ ഒത്തുകൂടിയ ആഘോഷമാണ് പിന്നിട് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലായി തീര്‍ന്നത്.

അയ്യപ്പന്റെ പിതൃസ്ഥാനീയനായ അമ്പലപ്പുഴ ദേശക്കാര്‍ അയ്യപ്പനെ സഹായിക്കാനായി ഇവിടെയെത്തിയെന്നും അയ്യപ്പനൊപ്പം ആഘോഷമായി കാടും മലകളും വെട്ടിത്തെളിച്ച് ശബരിമലയിലേക്ക് യാത്രയാകുകയായിരുന്നു .പിന്നാലെയെത്തിയ മാതൃസ്ഥാനീയനായ ആലങ്ങാട് ദേശക്കാര്‍ മഹിഷിയെ നിഗ്രഹിച്ച നാട്ടില്‍ സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും സന്ദേശം വിളിച്ചോതിയാണ് ഈ ആഘോഷത്തില്‍ പങ്കുചേരുന്നത്.അമ്പലപ്പുഴ -ആലങ്ങാട് ദേശക്കാരുടെ നിയോഗത്തോടെ ആചാരാനുഷ്ഠാനങ്ങളുടെ ആഘോഷം മതസൗഹാര്‍ദത്തിന്റേയും,സഹോദര്യത്തിന്റേയും സന്ദേശം വിളിച്ചോതിയുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലായി പിന്നീട് മാറുകയായിരുന്നു.മഹിഷിയെ നിഗ്രഹിച്ച ഗ്രാമം എരുമക്കൊല്ലിയായും – കാലാന്തരത്തില്‍ എരുമേലിയായി തീരുകയും ചെയ്തു.

മഹര്‍ഷിയെ നിഗ്രഹിച്ചതിന്റെ സന്തോഷത്താല്‍ പച്ചിലകളും വിവിധതരം വര്‍ണ്ണ ചായങ്ങളും ദേഹമാസകലം പുരട്ടിയും,അമ്പലപ്പുഴക്കാര്‍ക്കൊപ്പം അയ്യപ്പനും യാത്രയായി എന്ന വിശ്വാസത്താല്‍ ആലങ്ങാടുകാര്‍ ദേഹമാസകലം ഭസ്മവും ചന്ദനവും പുരട്ടിയുമാണ് എരുമേലി പേട്ടതുള്ളല്‍ നടത്തുന്നത്.
മഹിഷി നിഗ്രഹിക്കാനായി എരുമേലിയില്‍ എത്തിയപ്പോള്‍ തലേ ദിവസം ഭക്ഷണവും,വിശ്രമിക്കാന്‍ ഇടവും നല്‍കിയ എരുമേലി പുത്തന്‍വീട് ഇന്നും കെടാവിളക്കിന്റെ നിറശോഭയില്‍ കുടുംബക്കാര്‍ കാത്തുസൂക്ഷിക്കുന്നതായും പുത്തന്‍ വീട്ടിലെ മൂത്തകാരണവര്‍ പി.പി പെരിശ്ശേരി പിള്ള പറഞ്ഞു.നീലാകാശത്തില്‍ ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറക്കുന്നതോടു കൂടിയാണ്
അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളല്‍ ആദ്യം കൊച്ചമ്പലത്തില്‍ നിന്നും ഏകദേശം രാവിലെ 11 മണിയോടെ ആരംഭിക്കുന്നത് .

തുടര്‍ന്ന് പള്ളിയിലും കയറി അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദവും പുതുക്കിയാണ് പേട്ടതുള്ളല്‍ വലിയമ്പലത്തിലേക്ക്നീങ്ങുന്നത്.കഴിഞ്ഞ 20വര്‍ഷത്തിലധികമായി എരുമേലി പേട്ടതുള്ളലിന് നേതൃത്വം നല്‍കിയ അമ്പലപ്പുഴ സംഘം സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ഇത്തവണ എരുമേലി പേട്ടതുള്ളലിന്  വരില്ല .ഉച്ചക്ക് ശേഷം ആകാശ നെറുകയില്‍ വെള്ളിനക്ഷത്രം വെട്ടിത്തിളങ്ങുന്നതോട് കൂടിയാണ് ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ ആരംഭിക്കുന്നത്.
മുന്‍ വര്‍ഷത്തെപ്പോലെ ഇരുസംഘങ്ങള്‍ക്കും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും , ആലവട്ടവും വെഞ്ചാമരവും,കാവടിയും,പൂക്കാവടിയും,ഉടുക്കും,വാദ്യമേളങ്ങളും,അസുരവാദ്യങ്ങളും,അകമ്പടിയായി പതിനായിരങ്ങളും ഒത്തുചേരുന്ന ശരണമന്ത്രങ്ങളുടെ സംഗമഭൂമിയായിരുന്ന എരുമേലിയാണ് കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ചടങ്ങുകള്‍ മാത്രമാക്കി പേട്ടതുള്ളല്‍ നടക്കുന്നത് . കോവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിര്‍ദ്ദേശാനുസരണം 11 ന് തിങ്കളാഴ്ച നടക്കുന്ന പേട്ടതുള്ളല്‍ സംഘത്തില്‍ 50 പേരെ പങ്കെടുപ്പിക്കാനാണ് പോലീസിന്റ നിര്‍ദേശം.60 വയസ്സ് കഴിഞ്ഞ വര്‍ക്കും,പത്തുവയസ്സില്‍ താഴെയുള്ള വര്‍ക്കും പേട്ടതുള്ളലില്‍ പങ്കെടുക്കാന്‍ അനുവാദമില്ല.

അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘത്തെ അമ്പലപ്പുഴ കരപെരിയോന്‍ എന്‍.ഗോപാലകൃഷ്ണപിള്ള,സംഘം പ്രസിഡന്റ് ആര്‍ .ഗോപകുമാര്‍,വൈസ് പ്രസിഡന്റ് ജി. ശ്രീകുമാര്‍,ജോ. സെക്രട്ടറി വിജയമോഹന്‍ , ഖജാന്‍ജി കെ .ചന്ദ്രകുമാര്‍,കമ്മറ്റി അംഗം കെ . റ്റി.ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.രണ്ട് വനിതാ മാളികപ്പുറം ഉള്‍പ്പെടെ 43 പേരാണ് സംഘത്തിലുള്ളത്. ആലങ്ങാട് സംഘത്തെ സംഘം പെരിയോന്‍ എ.കെ വിജയകുമാര്‍ അമ്പാടത്ത്,യോഗം പ്രതിനിധി പുറയാറ്റ് കളരി രാജേഷ് കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും . 60 വയസ്സ് കഴിഞ്ഞ ഒരാള്‍ക്ക് മാത്രമാണ് ഈ സംഘത്തില്‍ അനുവാദം നല്‍കിയിരിക്കുന്നത്.50 പേരാണ് സംഘത്തില്‍ പേട്ടതുള്ളലിനായി എത്തുന്നത് .എരുമേലി പേട്ടതുള്ളലിനുള്ള ഒരുക്കങ്ങള്‍ കോവിഡ് മാനദണ്ഡപ്രകാരം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ആര്‍ രാജീവ് പറഞ്ഞു.ഓരോ സംഘത്തിനും ഓരോ ആനയും, പേട്ടതുള്ളലിന് 50 പേര്‍ മാത്രമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

നാളെ ( 10/01/21 )നടക്കുന്ന ചന്ദനക്കുടം മഹോത്സവവും കോവിഡ് മാനദണ്ഡപ്രകാരം ചടങ്ങ് മാത്രമായി നടത്തുകയുള്ളൂയെന്നും ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു.പത്താം തീയതി വൈകുന്നേരം 7 മണിക്ക് കൊച്ചമ്പലത്തില്‍ കയറി സ്വീകരണം വാങ്ങി തുടര്‍ന്ന് വലിയമ്പലത്തില്‍ എത്തി സ്വീകരണം ഏറ്റുവാങ്ങി പരിപാടികള്‍ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.ആഘോഷത്തിനായി 20 പേരടങ്ങുന്ന സംഘവും , ഒരാനയെയും മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാന്‍ , വൈസ് പ്രസിഡന്റ് നൗഷാദ് കുറുംക്കാട്ടില്‍,സെക്രട്ടറി നൈസാം പി. അഷറഫ്,ജോയി. സെക്രട്ടറി ഹക്കീം മാടത്താനി,ട്രഷറര്‍ നാസര്‍ പനച്ചി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.എരുമേലിയില്‍ നടക്കുന്ന ചന്ദനക്കുടം പേട്ടതുള്ളല്‍ ആഘോഷങ്ങള്‍ കണക്കിലെടുത്ത് 100 പോലീസുകാരെ നിയോഗിച്ചതായും, സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാര്‍ പറഞ്ഞു .