Tuesday, May 14, 2024
Newsworld

ഗൂഗിള്‍ മാപ്പ് ചതിച്ചു. വിവാഹത്തിനായി പുറപ്പെട്ട വരനെയും സംഘത്തെയും.

വിവാഹത്തിനായി പുറപ്പെട്ട വരനെയും സംഘത്തെയും ഗൂഗിള്‍ മാപ്പ് ചതിച്ചു. ഇന്തോനേഷ്യയിലെ ക്വാലലംപുരിലാണ് രസകരമായ ഇത്തരമൊരു സംഭവം അരങ്ങേറിയത്.ഗൂഗിള്‍ മാപ്പ് നോക്കി വരനും സംഘവും എത്തിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വരനെയും സംഘത്തെയും സ്വീകരിച്ചിരുത്തിയ ‘വധുവിന്റെ’ ബന്ധുക്കള്‍ സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ കൂട്ടത്തില്‍ പരിചയം ഉള്ള ആരെയും കാണാതെ വന്നതോടെ വരന്റെ ബന്ധുക്കളിലൊരാള്‍ക്ക് സംശയമായി. ഇതോടെയാണ് അബദ്ധം മനസിലായതും തെറ്റായ സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്ന് ഇവര്‍ തിരിച്ചറിഞ്ഞതും.വിവാഹവും വിവാഹനിശ്ചയ ചടങ്ങും ഒരേ ഗ്രാമത്തില്‍ തന്നെയായിരുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതും.

‘വഴിതെറ്റി’ വരനും സംഘവും എത്തിയത് ഉള്‍ഫ എന്ന 27കാരിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ്. വധു അണിഞ്ഞ് ഒരുങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു വരന്റെയും ബന്ധുക്കളുടെയും വരവ്. ‘എന്റെ കുടുംബാംഗങ്ങള്‍ അവരെ സ്വീകരിച്ചിരുത്തി. സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു’ ഉള്‍ഫയുടെ വാക്കുകളെ ഉദ്ധരിച്ച് ട്രൈബൂണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘എത്തിയവരില്‍ പരിചയമുള്ള ആരെയും കാണാതെ വന്നതോടെ ആദ്യം ഒന്നു ഞെട്ടിയെന്നാണ് ഉള്‍ഫ പറയുന്നത്. ഗൂഗിള്‍ മാപ്പ് നോക്കിയാണ് അവിടെയെത്തിയതെന്നാണ് അവര്‍ പറഞ്ഞതെന്നും സംഭവിച്ച് ആശയക്കുഴപ്പത്തിന് ഖേദം പ്രകടിപ്പിച്ചെന്നും ഉള്‍ഫ കൂട്ടിച്ചേര്‍ത്തു.ഇടയ്ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി വാഹനം നിര്‍ത്തേണ്ടി വന്നതിനാലാണ് ഉള്‍ഫയുടെ ‘ശരിക്കുള്ള വരനും’ സംഘവും എത്താന്‍ അല്‍പം വൈകിയത്. അതിനുള്ളില്‍ വലിയൊരു അബദ്ധം സംഭവിക്കുകയും ചെയ്തു. കെണ്ടല്‍ സ്വദേശിയായിരുന്നു ഉള്‍ഫയുടെ ഭാവി വരന്‍. എന്നാല്‍ ‘വഴിതെറ്റി’യെത്തിയ വരന്‍ പെമലാംഗ് സ്വദേശിയും. തുടര്‍ന്ന് ഉള്‍ഫയുടെ തന്നെ ബന്ധുക്കളുടെ സഹായത്തോടെ വരനും സംഘവും ശരിക്കുള്ള വിവാഹ വേദിയില്‍ എത്തുകയും ചെയ്തു.