Sunday, May 19, 2024
indiaNewsSports

ഗുസ്തി താരം സുശീല്‍ കുമാറിനെ ജോലിയില്‍ നിന്ന് റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.

കൊലപാതകക്കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ജോലിയില്‍ നിന്ന് റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെയാണ് സസ്പെന്‍ഷന്‍. സുശീല്‍ നോര്‍ത്തേണ്‍ റെയില്‍വേയില്‍ സീനിയര്‍ കമേര്‍ഷ്യല്‍ മാനേജരാണ്. 2015 മുതല്‍ അഞ്ച് വര്‍ഷമായി ഡല്‍ഹിയില്‍ ഡപ്യൂട്ടേഷനിലായിരുന്നു.മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാര്‍ കൊല്ലപ്പെട്ട കേസിലാണ് രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള സുശീല്‍ കുമാറിനെ ദില്ലി പൊലീസ് പ്രതി ചേര്‍ത്തത്. ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവില്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.കേസില്‍ ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍ കുമാര്‍ ഡല്‍ഹി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു ഒടുവില്‍ പഞ്ചാബില്‍ നിന്ന് താരം അറസ്റ്റിലായി. ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് താരമിപ്പോള്‍.