Thursday, March 28, 2024
keralaNews

പത്തനംതിട്ടയില്‍ വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍.

പത്തനംതിട്ട :വീട്ടില്‍ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ പതിനഞ്ചോളം പ്രതികളാണുള്ളത്.ഇവരില്‍ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.എനാദിമംഗലത്ത് സ്വദേശി സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മര്‍ദിക്കാനാണ് സംഘം മാരകായുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാന്‍ കാരണം. സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ഏനാത്ത് പൊലീസും കൊലപാതകത്തിന് അടൂര്‍ പൊലീസും കേസെടുത്തു. രണ്ട് സംഭവങ്ങളും ചേര്‍ത്ത് അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്ത് പേരുടെ സംഘം കേസ് അന്വേഷിക്കും. സംഭവത്തിന് ദൃക്‌സാക്ഷിയായ നന്ദിനിയെന്ന അയല്‍വാസി നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഇവരുടെ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.