Wednesday, May 22, 2024
keralaNews

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം.

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസര്‍ കമ്പനിയുടെ മുദ്ര പതിപ്പിച്ചത് വിവാദമായി. ക്ഷേത്ര പരിസരത്ത് പരസ്യങ്ങള്‍ പാടില്ല എന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയുള്ള നടപടി ധിക്കാരപരമെന്ന് ബിജെപി ആരോപിച്ചു.ഗുരുവായൂര്‍ ക്ഷേത്ര പരിസരം ഒരു വര്‍ഷത്തേയ്ക്ക് സാനിറ്റൈസ് ചെയ്യുന്നതായാണ് സ്വകാര്യ കമ്പനി ക്ഷേത്ര പരിസരത്ത് പ്രദര്‍ശിപ്പിച്ച പരസ്യം. സാമൂഹിക അകലം ഉറപ്പാക്കാന്‍ നടവഴിയില്‍ രേഖപ്പെടുത്തിയ വൃത്തത്തിനുള്ളില്‍ വരെ കമ്പനിയുടെ പരസ്യം പതിപ്പിച്ചു. സിനിമാ താരത്തെ ഉപയോഗിച്ച് ക്ഷേത്ര നടയില്‍ പരസ്യചിത്രീകരണം നടത്തുകയും ചെയ്തു. ക്ഷേത്രത്തെ സ്വകാര്യ കമ്പനിയുടെ പരസ്യത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന്റെ ഏകാധിപത്യമാണ് ഗുരുവായൂരില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആരോപിച്ചു.സംഭവം വിവാദമായതോടെ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ തന്നെ നേരിട്ടിറങ്ങി കമ്പനിയുടെ പരസ്യങ്ങള്‍ നീക്കി. ക്ഷേത്രവും പരിസരവും സാനിറ്റൈസ് ചെയ്യാന്‍ സ്വകാര്യ കമ്പനിയ്ക്ക് അനുമതി നല്‍കിയിരുന്നതായി ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പ്രതികരിച്ചു. പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ചെയര്‍മാന്റെ മൗനാനുവാദത്തോടെയാണ് പരസ്യം സ്ഥാപിച്ചതെന്നാണ് വിമര്‍ശനം. ഇതിനെതിരെ ഭരണ സമിതിയിലെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തി.