Tuesday, May 14, 2024
keralaNewspolitics

ഗുജറാത്തിന്റെ ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ കേരളം

തിരുവനന്തപുരം ഗുജറാത്തിന്റെ ഭരണസംവിധാനം, വികസനം പഠിക്കാന്‍ കേരളം. ചീഫ് സെക്രട്ടറി വി പി ജോയ് നാളെ ഗുജറാത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും. വന്‍കിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്‌ബോര്‍ഡ് സിസ്റ്റമാണ് പഠിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഡാഷ് ബോര്‍ഡിനെ കുറിച്ചുള്ള നിര്‍ദ്ദേശം ഉയര്‍ന്നത്. ചീഫ് സെക്രട്ടറി തല സമിതി റിപ്പോര്‍ട്ട് അടിയന്തരമായി മുഖ്യമന്ത്രിക്ക് നല്‍കുംഇന്നു മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഗുജറാത്ത് സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോര്‍ഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസ്സിലാക്കാനാണ് യാത്ര. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡേറ്റാബേസ് സൃഷ്ടിക്കുകയും, സിഎം ഡാഷ്ബോര്‍ഡ് വഴി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി.

സാധാരണക്കാരുടെ പരാതികള്‍ തീര്‍പ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും നിരന്തരം വിമര്‍ശിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്കാണു ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനമെന്നതു ശ്രദ്ധേയമാണ്.