Sunday, May 19, 2024
Entertainmentindiakeralaworld

തിരുവോണ ദിനത്തിലെ ബ്രഹ്‌മാണ്ഡ റിലീസിനൊരുങ്ങി വിനയന്‍ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട്

തിരുവനന്തപുരം: തിരുവോണ ദിനത്തിലെ ബ്രഹ്‌മാണ്ഡ റിലീസിനൊരുങ്ങി വിനയന്‍ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട്. മലയാള സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്ന വിനയന്റെ സംവിധാനത്തിലെത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്‌ക്രീനുകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കേരളത്തിനു പുറമെ തിരുപ്പൂര്‍, സേലം, കോയമ്പത്തൂര്‍, ചെന്നൈ,ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാല്‍, മൈസൂരു എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസിംഗ് സെന്ററുകള്‍ ഉണ്ട്. യുകെ ഉള്‍പ്പെടെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി വലിയ സ്‌ക്രീന്‍ കൗണ്ടോടെയാണ് ചിത്രത്തിന്റെ റിലീസ്. ജിസിസി ഒഴികെയുള്ള ചിത്രത്തിന്റെ വിദേശ റിലീസ് 9-ാം തീയതി ആണ്. നൂറിലേറെ തിയറ്ററുകളാണ് യൂറോപ്പില്‍ മാത്രം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. അതേസമയം ഡബ്ബിംഗ് കോപ്പികളുടെ സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനാല്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകള്‍ നാളെ റിലീസ് ചെയ്യില്ല. മറ്റു ഭാഷകളുടെ സെന്‍സറിംഗ് പൂര്‍ത്തിയായാലുടന്‍ ഇവ തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചു. വന്‍ ബജറ്റിലാണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാതാവ്.സിജു വില്‍സന്‍ ആണ് ചിത്രത്തില്‍ നായകന്‍. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെരചന നിര്‍വ്വഹിച്ചിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹനിര്‍മ്മാതാക്കള്‍ വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് കയാദു ലോഹര്‍ ആണ് . വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.