Wednesday, May 15, 2024
keralaNewspolitics

ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന് എ.കെ. ബാലന്‍.

തിരുവനന്തപുരം: ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന് സി.പി.എം. നേതാവ് എ.കെ. ബാലന്‍. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.എന്തോ തെളിവുമായി വന്ന് ഗവര്‍ണര്‍ അത്ഭുതം സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ് വിചാരിച്ചത്. കണ്ണൂര്‍ വി.സി. പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഭരണാഘടവിരുദ്ധമായി മുഖ്യമന്ത്രി ഇടപെട്ടു, അതിന്റെ രേഖയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ എത് രേഖയാണ് ഹാജരാക്കിയത്? വി.സി. പുനര്‍നിയമനത്തിന്റെ നിയമസാധുത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ആ ഉപദേശം ഗവര്‍ണര്‍ക്ക് കൈമാറി. അത് എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നത്?.നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായിരുന്നു പുനര്‍നിയമനമെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ നിയമനം അംഗീകരിച്ചുകൊടുത്തത്. അങ്ങനെയാണെങ്കില്‍ ആരാണ് കുറ്റക്കാരന്‍. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും ഫുള്‍ബെഞ്ചും ഇക്കാര്യത്തില്‍ യാതൊരു നിയമപ്രശ്നവുമില്ലെന്ന് പറഞ്ഞിട്ടും ഗവര്‍ണറുടെ സംശയം തീരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.