Friday, April 26, 2024
keralaNews

ഗണേഷ് കുമാറിന്റ ഇടപെടലിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടയില്‍ ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ യുവതിയെ വിഗ്ദധ ചികില്‍സക്കായി ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പത്തനാപുരം വാഴപ്പാറ സ്വദേശിനി ഷീബയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് . ഏഴ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും ഷീബയ്ക്ക് രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗണേഷ്‌കുമാര്‍ വിഷയം സഭയില്‍ ഉന്നയിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ 7 ശസ്ത്രക്രിയകള്‍ക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാല്‍ വേദനക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു.
ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ഷീബയുടെ ആരോപണം. ചികിത്സാ പിഴവിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നാണ് ഷീബ പറയുന്നത്. ഇന്നലെ പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാര്‍ ഷീബയുടെ ദുരിതം നിയമസഭയിലും അറിയിച്ചു. ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന ഗണേഷ്‌കുമാറിന്റെ പരാമര്‍ശം വിവാദമായിരുന്നു. വയര്‍ വെട്ടിപ്പൊളിച്ചപോലെ ശസ്ത്രക്രിയ ചെയ്തതെന്നും ഗണേഷ് ആരോപിക്കുന്നു. ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം ആളുകള്‍ക്ക് തല്ല് കിട്ടുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണെന്നും എംഎല്‍എ പറഞ്ഞു. നേരത്തെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു.