Wednesday, May 1, 2024
keralaNews

ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഹിന്ദു ആചാരപ്രകാരം സംസ്‌കാരം

വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ ഇടമില്ലാത്തതുകാരണം വീട്ടമ്മയുടെ സംസ്‌കാര ചടങ്ങ് ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയില്‍ വീട്ടില്‍ പരേതനായ പുരുഷോത്തമന്‍ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്‌കാരമാണ് രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടത്തിയത്.രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ വീട് ഇരിക്കുന്നത്. സംസ്‌കരിക്കാന്‍ വീട്ടുവളപ്പില്‍ സ്ഥലമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വര്‍ഗീസ് മതിലകത്തുകുഴിയെ വിവരം അറിയിച്ചു. അദ്ദേഹം പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിച്ചു.തുടര്‍ന്ന് സംസ്‌കാരം നടത്താനുള്ള സൗകര്യം ഒരുക്കി നല്‍കി. പള്ളി സെമിത്തേരിയില്‍ത്തന്നെ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകള്‍ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം നല്‍കി. ട്രസ്റ്റിമാരായ ജോമോന്‍ പത്തില്‍ചിറ, സി പി ജോര്‍ജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി റോയ് അന്‍പതില്‍ചിറ എന്നിവര്‍ നേതൃത്വം നല്‍കി. ഓമനയുടെ മക്കള്‍: ഓമനക്കുട്ടന്‍, രാധിക. മരുമക്കള്‍: ഗോപാലകൃഷ്ണന്‍, സ്മിത.