Wednesday, May 22, 2024
keralaNews

കോഴിക്കോട് ഷിഗെല്ല പടര്‍ന്നത് മരണവീട്ടില്‍ വിതരണം ചെയ്ത വെള്ളം വഴി: 2 കുട്ടികളും ചികിത്സയില്‍…

കോഴിക്കോട് മായനാട് കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല രോഗം പടര്‍ന്നതു വെള്ളത്തിലൂടെയെന്നു ഗവ. മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക പഠന റിപ്പോര്‍ട്ട്.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഷിഗെല്ല രോഗം ബാധിച്ചു മരിച്ച പതിനൊന്നുകാരന്റെ മരണാനന്തരച്ചടങ്ങില്‍ വിതരണം ചെയ്ത വെള്ളത്തിലൂടെയാണു രോഗം പടര്‍ന്നതെന്നാണു റിപ്പോര്‍ട്ട്. കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല ബാക്ടീരിയ എങ്ങനെ എത്തി എന്നു കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ഒരാഴ്ചയോളം തുടര്‍പഠനം നടത്തും.ഷിഗെല്ല സോനി ഇനത്തില്‍ പെട്ട ബാക്ടീരിയയാണു രോഗത്തിനു കാരണം. ഇതിന്റെ അളവു കൂടുമ്പോഴാണു കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത്. കോട്ടാംപറമ്പില്‍ 11 വയസ്സുകാരന്‍ മരിച്ചതു ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന കണ്ടെത്തലിനു പിന്നാലെയാണ് 6 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സംസ്‌കാരത്തില്‍ പങ്കെടുത്തവരായിരുന്നു 6 പേരും.പ്രദേശത്ത് 52 പേരില്‍ രോഗലക്ഷണം കണ്ടെത്തിയെങ്കിലും 5 വയസ്സിനു താഴെയുള്ള 2 കുട്ടികളാണു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ളത്.