Friday, May 17, 2024
indiaNews

കോളേജ് കെട്ടിടത്തിനുള്ളിലെ ലിഫ്റ്റ് തകര്‍ന്ന് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

ലക്നൗ: കോളേജ് കെട്ടിടത്തിനുള്ളിലെ ലിഫ്റ്റ് തകര്‍ന്ന് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഘാസിയാബാദിലുള്ള എഞ്ചിനീയറിംഗ് കോളേജിലാണ് അപകടമുണ്ടായത്.ഐഎംഎസ് ഘാസിയാബാദില്‍ കവി നഗറിന് സമീപം സ്ഥിതിചെയ്യുന്ന കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. താഴത്തെ നിലയില്‍ നിന്നും മുകളിലെ നിലയിലേക്ക് പോകുന്നതിന് വേണ്ടിയായിരുന്നു വിദ്യാര്‍ത്ഥികള്‍ ലിഫ്റ്റില്‍ കയറിയത്. എന്നാല്‍ ലിഫ്റ്റ് മുകളിലേക്ക് പൊങ്ങിയതിന് പിന്നാലെ തകര്‍ന്ന് താഴേക്ക് തന്നെ വീഴുകയായിരുന്നു.ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. സാരമായി പരിക്കേറ്റവരെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ലിഫ്റ്റിന് എന്താണ് സംഭവിച്ചതെന്ന കാര്യം പരിശോധിച്ച് വരികയാണ്. കോളേജില്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചു.അപകടത്തെ വളരെ ഗുരുതരമായാണ് നോക്കിക്കാണുന്നതെന്നും കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക നിര്‍ദേശമുണ്ടെന്നും ഘാസിയാബാദ് എസ്ഡിഎം വിജയ് കുമാര്‍ സിംഗ് അറിയിച്ചു.