Thursday, May 2, 2024
keralaNewspolitics

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് കാരണം അധികാരകേന്ദ്രം മാറുന്നതിലെ ആശങ്കയാവാമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍.

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് കാരണം അധികാരകേന്ദ്രം മാറുന്നതിലെ ആശങ്കയാവാമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. പാര്‍ട്ടിയെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്രയേറെ എതിര്‍പ്പുകള്‍ ഉണ്ടാവുമെന്ന് കരുതിയില്ല. എല്ലാവരും സഹകരിക്കുമെന്നാണ് കരുതിയത്, അദ്ദേഹം പറഞ്ഞു.വികാരപ്രകടനം നടത്തുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ല. കുറേകാലം കൈയ്യില്‍വെച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച അധികാര കേന്ദ്രം മാറുന്നതിലെ ആശങ്ക കടന്നു വരുമ്പോഴാണ് ഇത്തരം പ്രതികരണങ്ങള്‍ ചിലരില്‍ നിന്ന് ഉണ്ടാകുന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

തന്നെയും വി.ഡി. സതീശനെയും ലക്ഷ്യം വെക്കുന്നത് താല്‍കാലികം മാത്രമാണ്. തങ്ങള്‍ക്ക് ആവേശം നല്‍കുന്ന അണികള്‍ മറുഭാഗത്തുണ്ട്. അവരുടെ വിശ്വാസവും ആവേശവും കരുത്തുപകരുമെന്നും ചാനല്‍ അഭിമുഖത്തില്‍ കെ. സുധാകരന്‍ വ്യക്തമാക്കി.രണ്ടു തവണ ചര്‍ച്ച ചെയ്‌തെന്ന് പറഞ്ഞപ്പോള്‍ ഇല്ലെന്ന് അവര്‍ പ്രതികരിച്ചു. ആ സമയത്താണ് അഭിപ്രായ വ്യത്യാസമുണ്ടായത്. തന്റെ വിശ്വാസ്യത ചോദ്യം ചെയ്തപ്പോഴാണ് ഡയറി ഉയര്‍ത്തികാട്ടി വിശദീകരിക്കേണ്ടി വന്നത്. രമേശ് ചെന്നിത്തലക്ക് തന്നേകാളും പ്രായം കുറവാണ്. മുതിര്‍ന്ന ആളെന്ന നിലക്കുള്ള ബഹുമാനം തന്നോട് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജംബോ കമ്മിറ്റികളില്‍ മാറ്റമുണ്ടാവണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും നേതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തും.പാര്‍ട്ടി അച്ചടക്കം താന്‍ ലംഘിച്ചിട്ടില്ല. അത്തരത്തില്‍ ഒരു പ്രസ്താവന പോലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അച്ചടക്കം പാലിച്ചേ മുന്നോട്ടു പോകുവാന്‍ സാധിക്കൂ. അച്ചടക്കത്തോടെ മുന്നോട്ടു പോകാന്‍ സാധിച്ചാല്‍ മാത്രമേ കെ.പി.സി.സി അധ്യക്ഷ പദത്തില്‍ തുടരൂവെന്നും സുധാകരന്‍ പറഞ്ഞു.