Sunday, May 12, 2024
keralaNewsObituary

കോണ്‍ഗ്രസില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി കെവി തോമസിനെ പുറത്താക്കി

തിരുവനന്തപുരം: ഏറെ നാളത്തെ  വിവാദങ്ങൾക്കൊടുവിൽ  കോണ്‍ഗ്രസില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി കെവി തോമസിനെ പുറത്താക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ആക്ഷേപിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.                             

എഐസിസി അനുമതിയോടെയാണ് പുറത്താക്കലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു.

ഇനി കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടി കെ.വി തോമസിനെ അറിയിച്ചതായും കെ. സുധാകരന്‍ വ്യക്തമാക്കി.

നേരത്തെ സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന സെമിനാറില്‍ പാര്‍ട്ടി വിലക്ക് മറികടന്നും കെ.വി തോമസ് പങ്കെടുത്തിരുന്നു.

എന്നാല്‍ ഇതിന്റെ പേരില്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് വേണ്ടെന്നും കെ.വി തോമസിന് നേട്ടമുണ്ടാക്കുന്ന നീക്കം ഉചിതമാകില്ലെന്നും നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും കെ.വി തോമസ് നേതാക്കളെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ദിവസം തന്റെ പിന്തുണ എല്‍ഡിഎഫിനാണെന്നും കോണ്‍ഗ്രസുകാരനായി നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കുമെന്നും കെ.വി തോമസ് പറഞ്ഞിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് എല്‍ഡിഎഫിന്റെ കണ്‍വെന്‍ഷനില്‍ വൈകിട്ട് കെ.വി തോമസ് പങ്കെടുത്തത്.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയെയും എ.കെ ആന്റണിയെയും കെ.വി തോമസ് എല്‍ഡിഎഫ് വേദിയില്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

തൃക്കാക്കരയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെയും വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിടുക്കത്തിലുളള നടപടി.