Sunday, May 12, 2024
educationindiaNews

കൊല്‍ക്കത്ത ശാന്തിനികേതനും ലോക പൈതൃക പട്ടികയില്‍; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്മാരക പട്ടികയില്‍ ഇടംപിടിച്ചു. യുനെസ്‌കോ ആ പ്രഖ്യാപനം നടത്തിയത് . എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു യുനെസ്‌കോയുടെ പ്രഖ്യാപനം. ഏറെ നാളായുള്ള ഇന്ത്യയുടെ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ മോണ്യുമെന്റ്സ് ആന്‍ഡ് സൈറ്റ്സ് എന്ന സംഘടനയായിരുന്നു ശുപാര്‍ശ നല്‍കിയത്. ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാവുമെന്നും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശാന്തിനികേതനെ പട്ടികയിലുള്‍പ്പെടുത്തിയെന്ന യുനെസ്‌കോയുടെ പ്രഖ്യാപനമുണ്ടാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ സന്തോഷം പങ്കുവച്ച കുറിപ്പും എക്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ദര്‍ശനത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായ ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ സമ്മാനമായി ലഭിച്ച മുഴുവന്‍ തുകയും ചെലവഴിച്ചായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതന്‍ പടുത്തുയര്‍ത്തിയത്. പ്രകൃതിയില്‍ ലയിച്ചു ചേര്‍ന്നു ധ്യാനനിരതമായ ജീവിതം നയിക്കാന്‍ ഉതകുന്നതായിരുന്നു ഇവിടുത്തെ അന്തരീക്ഷം. ഹരിതാഭ സൗന്ദര്യത്തിന് നടുവിലാണ് ശാന്തിനികേതന്‍ പണിതുയര്‍ത്തിയത്. 1901ല്‍ കേവലം 5 കുട്ടികളുമായി ആരംഭിച്ച ശാന്തിനികേതന്‍ സ്‌കൂളില്‍ ഗുരുകുല മാത്യകയിലായിരുന്നു വിദ്യാഭ്യാസം. മാവുകളുടെയും മറ്റ് മരങ്ങളുടെയും തണലില്‍ പ്രത്യേകം തയ്യാറാക്കിയ ഓപ്പണ്‍ ക്ലാസ് റൂമുകളിലാണ് ഇവിടെ പഠനം നടക്കുന്നത്. പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്നത്.