Saturday, April 27, 2024
keralaNews

കൈക്കൂലി: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. രാമന്തളി വില്ലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റായ ലിജേഷിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടിയത്. കണ്ണൂര്‍ രാമന്തളി സ്വദേശിയായ പരാതിക്കാരന്റെ 8 വര്‍ഷമായി അടക്കാതിരുന്ന ഭൂനികുതി അടച്ചുനല്‍കുന്നതിനായിരുന്ന കൈക്കൂലി ആവശ്യപ്പെട്ടത്.

ഒരാഴ്ച മുമ്പ് വില്ലേജ് ഓഫീസില്‍ പോയപ്പോള്‍ സ്ഥല പരിശോധന നടത്തണമെന്ന് അറിയിച്ചു. ഇതിനായി എത്തിയ സമയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ലിജേഷ് 1,500 രൂപ കൈക്കൂലി വാങ്ങി. തുടര്‍ന്ന് പരാതിക്കാരനോട് ഭൂനികുതി അടക്കാന്‍ ഇന്ന് ഓഫീസില്‍ വരാന്‍ ആവശ്യപ്പെട്ടു, വരുമ്പോള്‍ 2,000 രൂപ കൈക്കൂലി കൂടി നല്‍കണമെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റില്‍ അറിയിച്ചു. വിജിലന്‍സ് സംഘം ഇന്ന് വൈകുന്നേരം 3:45 ഓടെ വില്ലേജ് ഓഫീസില്‍ വച്ച് ലിജേഷ് പരാതിക്കാരനില്‍ നിന്ന് 2,000 കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം കൈയോടെപിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മധുസൂദനന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍മാരായ ടി ആര്‍ മനോജ്, വിനു മോഹന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അശോകന്‍, രാധാ കൃഷ്ണന്‍, പ്രവീണ്‍, ഗിരീശന്‍, നിജേഷ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു, രാജേഷ്, ജയശ്രീ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുജിത്ത്, പ്രജിന്‍ രാജ്, ഹൈറേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.