Wednesday, May 15, 2024
educationkeralaNews

കേരള, കണ്ണൂര്‍ സര്‍വകലാശാലകളിലെ ചോദ്യപേപ്പര്‍ വിവാദം: ഉത്തരവാദികളെ ഡി ബാര്‍ ചെയ്യണം സേവ് യൂണിവേഴ്സിറ്റി

തിരുവനന്തപുരം:കേരള, കണ്ണൂര്‍ സര്‍വകലാശാലകളിലെ ചോദ്യപേപ്പര്‍ തയാറാക്കുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഉത്തരവാദികളെ പരീക്ഷാ ജോലികളില്‍ നിന്ന് ഡി ബാര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി .

മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള ചോദ്യങ്ങള്‍ തന്നെ അതേ പടി ഈ വര്‍ഷവും ചോദ്യപേപ്പറുകളില്‍ ഉപയോഗിച്ചത് പുറത്ത് വന്നതോടെയാണ് നിവേദനം നല്‍കിയത്.

കണ്ണൂര്‍ സര്‍വ്വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ തന്നെ ഈ വര്‍ഷവും നല്‍കിയിരുന്നു. ഇതേ കാരണത്താല്‍ കേരള സര്‍വകലാശാല ബിഎ ഇംഗ്ലീഷ് അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഏപ്രില്‍ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി ഇന്നലെ വീണ്ടും നടത്തി.

രണ്ട് സര്‍വകലാശാലകളിലും മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതായി സര്‍വകലാശാലയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിസിമാര്‍ പരീക്ഷകള്‍ റദ്ദാക്കിയത്.             

സര്‍വ്വകലാശാല പഠന ബോര്‍ഡ് ചെയര്‍മാന്മാര്‍ നല്‍കുന്ന പാനലില്‍ നിന്നാണ് പരീക്ഷാ കണ്‍ട്രോളര്‍ ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ഒരു അധ്യാപകനെ നിയമിക്കുന്നത്.

ചോദ്യകര്‍ത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതില്‍ ഒരു ചോദ്യപേപ്പര്‍ ആണ് പരീക്ഷ കണ്‍ട്രോളര്‍ പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുതിയ ചോദ്യകര്‍ത്താവും, അത് പരിശോധിച്ച പഠന ബോര്‍ഡിന്റെ ചെയര്‍മാനും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ ആരോപിക്കുന്നു.

ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സംഘര്‍ഷത്തിനും സര്‍വകലാശാലയ്ക്ക് അധിക ചെലവിനും കാരണമാവുന്നുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.

താരതമ്യേന പരിചയ സമ്പത്ത് കുറഞ്ഞ അധ്യാപകരെ രാഷ്ട്രീയ താത്പര്യത്തില്‍ പഠന ബോര്‍ഡിന്റെ ചെയര്‍മാനും അംഗങ്ങളുമായി നിയമിക്കുന്നതാണ് ഇത്തരം ഗുരുതര വീഴ്ചയ്ക്ക് കാരണമാകുന്നത്.

ഉത്തരവാദികളായ ചോദ്യകര്‍ത്താക്കളെയും പഠന ബോര്‍ഡ് അംഗങ്ങളെയും പരീക്ഷ ജോലികളില്‍ നിന്ന് സ്ഥിരമായി ഡിബാര്‍ ചെയ്യാനും, പ്രൊമോഷന്‍ തടയാനും നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത് .