Friday, May 17, 2024
indiakeralaNews

കേരളത്തില്‍നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക.

കേരളത്തില്‍നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. ബസ്, വിമാനം, ട്രെയിന്‍, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളിലൂടെ കര്‍ണാടകയില്‍ പ്രവേശിക്കുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന ഫലം വേണമെന്നാണു നിബന്ധന. എന്നാല്‍ കോവിഡ് വാക്‌സീന്റെ രണ്ടു ഡോസുകളും എടുത്തിട്ടുള്ളവരെ ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്കു വരുന്ന എല്ലാ വിമാനങ്ങള്‍ക്കും ഇതു ബാധകമാണ്. 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കു മാത്രമേ വിമാനക്കമ്പനികള്‍ ബോര്‍ഡിങ് പാസുകള്‍ അനുവദിക്കാവൂ എന്നും കര്‍ണാടക ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ പക്കല്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് റെയില്‍വേ അധികൃതരും ബസ് യാത്രക്കാരുടെ സര്‍ട്ടിഫിക്കറ്റ് കണ്ടക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കര്‍ണാടകയിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനായി കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂര്‍, ചാമരാജനഗര എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കു നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.വിദ്യാഭ്യാസം, വ്യവസായം മറ്റ് അവശ്യങ്ങള്‍ എന്നിവയ്ക്കായി സംസ്ഥാനത്തേക്കു പ്രവേശിക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയരാകണമെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും നിര്‍േദശിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍, രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍, മറ്റ് അവശ്യകാര്യങ്ങള്‍ക്ക്( ബന്ധുവിന്റെ മരണം, ചികിത്സ എന്നിവ)എത്തിയവര്‍ എന്നിവരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ കോവിഡ് വ്യാപനഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.