Thursday, May 9, 2024
keralaNews

കേരളത്തിലെ കോവിഡ് കണക്കില്‍ ആശങ്ക

കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം.കേരളത്തിലെ പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്ത് ശതമാനത്തിന് മുകളിലാണ്.ഏഴുജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.വൈറസ് പെരുകുന്നത് കേരളത്തില്‍ പ്രധാന ആശങ്ക. കൂടുതല്‍ വകഭേദങ്ങള്‍ക്ക് സാധ്യത, പ്രതിരോധ നടപടികള്‍ ശക്തമാക്കണം.ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും അനുവദിക്കരുത്, രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതയും കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യത്ത് 22 ജില്ലകളിലാണ് കോവിഡ് സാഹചര്യം രൂക്ഷം. ഇതില്‍ ഭൂരിഭാഗവും കേരളത്തിലാണെന്നും മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.അതേസമയം, കേരളം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്‌സിനേഷനുണ്ടായിരുന്നില്ല. വാക്‌സിന്‍ എത്തിയില്ലെങ്കില്‍ നാളെ വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങിയേക്കും. പതിനെട്ട് വയസിന് മുകളിലുള്ള 1.48 കോടി പേര്‍ വാക്‌സിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായത്.സംസ്ഥാനത്തിന് വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയെ സമീപിച്ചിരുന്നു. കൂടുതല്‍ വാക്സിന്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. എം.പിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവരാണ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.