Friday, May 10, 2024
indiakeralaNews

കേരളം ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി

ബക്രീദ് ആഘോഷത്തിന് കോവിഡ് നിന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ വിഷയത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന സുപ്രീം കോടതി അംഗീകരിച്ചില്ല. സംസ്ഥാനം ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കി. പി.കെ.ഡി. നമ്പ്യാരാണ് ഇളവ് നല്‍കിയത് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. നാളെ രാവിലെ ആദ്യത്തെ കേസായി ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.

‘ഇത്തരം നടപടികളിലൂടെ സര്‍ക്കാര്‍ പൗരന്മാരുടെ ജീവിതവുമായി കളിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ ഗുരുതരമായ സാഹചര്യത്തില്‍ നിരപരാധികളായ പൗരന്മാരുടെ ആരോഗ്യവും ജീവിതവും ത്യജിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാണ്’ ഹര്‍ജിക്കാരന്‍ പി.കെ.ഡി. നമ്പ്യാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷക പ്രീതി സിങ് പറഞ്ഞു.

ആരോഗ്യ വിദഗ്ധരുമായി ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും കേരളത്തിലും മഹാരാഷ്ട്രയിലും വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേരള സര്‍ക്കാരിന്റെ തീരുമാനമെന്നും ഹര്‍ജിയില്‍ പറയുന്നു.