Wednesday, May 22, 2024
keralaNews

കേന്ദ്രസര്‍ക്കാരിന് തുറന്ന വിമര്‍ശനവുമായി നയപ്രഖ്യാപന പ്രസംഗം.

തിരുവനന്തപുരം :കേന്ദ്രസര്‍ക്കാരിന് തുറന്ന വിമര്‍ശനവുമായി നയപ്രഖ്യാപന പ്രസംഗം. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിനുള്ള വകയിരുത്തല്‍ കുറഞ്ഞതിലാണ് വിമര്‍ശനം. സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്രം നിയമനിര്‍മാണങ്ങള്‍ നടത്തുന്നത് സംസ്ഥാനത്തെ ബാധിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കേന്ദ്രം കൈകടത്തി. കേന്ദ്രത്തിനെ വിമര്‍ശിക്കുന്ന ഭാഗങ്ങളും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു.പ്രതിപക്ഷത്തിന്റെ ‘ഗോ ബാക്ക്’ വിളിക്കും ഇറങ്ങിപ്പോക്കിനുമിടയിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നത്. ഉത്തരവാദിത്തം മറക്കരുതെന്നും പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഗവര്‍ണര്‍ പ്രതിപക്ഷ ബെഞ്ചിനെ ഓര്‍മിപ്പിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. നയപ്രഖ്യാപനം വായിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ ആശയസംഘര്‍ഷങ്ങളുടെ ചുവടുപിടിച്ച് ഭരണപക്ഷ ബെഞ്ചുകള്‍ നിസംഗതയോടെയാണ് ഗവര്‍ണറുടെ പ്രസംഗം കേട്ടതെന്നതും പ്രത്യേകതയായി.പരിസ്ഥിതി സൗഹൃദമായ യാത്രാ സൗകര്യമാണ് സില്‍വര്‍ലൈനിലൂടെ കേരളത്തിനു ലഭിക്കുകയെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. യാത്രാ സൗകര്യം വര്‍ധിക്കുന്നതോടൊപ്പം തൊഴിലവസരങ്ങളും വര്‍ധിക്കും. വേഗവും സൗകര്യവും ഉറപ്പാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി പ്രതീക്ഷിക്കുന്നു. സുസ്ഥിര വികസന സൂചികകളില്‍ കേരളമാണ് മുന്നില്‍. നിതി ആയോഗ് കണക്കുകളില്‍ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യരംഗത്ത് സംസ്ഥാനമാണ് രാജ്യത്ത് മുന്നില്‍. ദാരിദ്രനിര്‍മാര്‍ജനത്തിലും കേരളം മുന്നിലാണ്. രാജ്യത്ത് ഏറ്റവും ദാരിദ്രം കുറവ് സംസ്ഥാനത്താണ്. പച്ചക്കറി ഉല്‍പ്പാദനം കൂട്ടാന്‍ കൂടുതല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ യൂണിറ്റുകള്‍ നടപ്പാക്കും. കൈത്തറിക്ക് കേരള ബ്രാന്‍ഡ് കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മൂലധന നിക്ഷേപം കൂട്ടാന്‍ സര്‍ക്കാരിന് സാധിച്ചു. കര്‍ഷകരെ സഹായിക്കാന്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചു. യന്ത്രവല്‍ക്കരണം കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചു. അസംഘടിത തൊഴിലാളികളുടെ ഡേറ്റ തയാറാക്കും. കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി വികസിപ്പിക്കും. അമ്പലമുകളില്‍ പെട്രോകെമിക്കല്‍ പദ്ധതിക്കായി 481 ഏക്കര്‍ ഉറപ്പാക്കും. എംഎസ്എംഇകള്‍ക്ക് സ്‌പോട് അപ്രൂവല്‍ നടപ്പാക്കും. വ്യവസായികളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. ഉല്‍പാദകരും വിപണിയുമായി കണക്ടിവിറ്റി ഉറപ്പാക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. എല്ലാവര്‍ക്കും വീട് എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കുന്നതിലും സംസ്ഥാനം മാതൃകയാണ്. ജനസംഖ്യയില്‍ ആയിരം പേരില്‍ അഞ്ചു പേര്‍ക്കെങ്കിലും ജോലി ഉറപ്പാക്കാനുളള പദ്ധതി തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി. എന്നാല്‍ ചെലവു കൂടിയിട്ടും വിഹിതം കൂട്ടാന്‍ കേന്ദ്രം തയാറായിട്ടില്ല. കേരളത്തിനുള്ള ജിഎസ്ടി വിഹിതം കുറഞ്ഞത് വലിയ നഷ്ടമാണ്. കടമെടുക്കാനുള്ള പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്തെ സഹായിക്കുക കേന്ദ്രത്തിന്റെ ബാധ്യതയാണ്. കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാകണം. ഫെഡറലിസം ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ഗവര്‍ണര്‍ സൗജന്യമായി വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യസംവിധാനങ്ങള്‍ക്ക് കഴിഞ്ഞതായും വിവരിച്ചു. മഹാമാരിക്കാലത്ത് ജനത്തെ ചേര്‍ത്തുപിടിച്ച സര്‍ക്കാര്‍ അവരുടെ ക്ഷേമം ഉറപ്പാക്കി. 18 വയസ്സിന് മുകളിലുള്ള 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടി മാതൃകയാണ്. സര്‍ക്കാര്‍ സമയ പരിധിക്കുള്ളില്‍ നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കി. സംസ്ഥാനം നിരവധി പ്രക്യതി ദുരന്തങ്ങള്‍ നേരിട്ടു. എന്നാല്‍ അവയെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യാനായി. ജനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നതായും ഗവര്‍ണര്‍ പറഞ്ഞു.