Friday, May 17, 2024
keralaNews

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീര്‍ക്കും

തിരുവനന്തപുരം :കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി വിശദീകരിച്ചു. കെഎസ്ആര്‍ടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഈ മാസം 17 ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനോട് ട്രേഡ് യൂണിയനുകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല. പല നിര്‍ദ്ദേശങ്ങളും നടപ്പിലാവുന്നുണ്ട്. ശമ്പളക്കാര്യത്തില്‍ ഉള്‍പ്പെടെ സ്ഥായിയായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു. സിപിഎം സംസ്ഥാന സമിതിയില്‍ ഗതാഗത വകുപ്പിനെ കുറിച്ച് വിമര്‍ശനമുണ്ടായെന്നതിനെ കുറിച്ച് അറിവില്ലെന്നും വിമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്നും മന്ത്രി വിശദീകരിച്ചു.

അതേ സമയം, കെഎസ്ആര്‍ടിസിയിലെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. നടപടിക്രമങ്ങള്‍ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. അതിനിടെ പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നത് കെഎസ്ആര്‍ടിസി നിര്‍ത്തി. ഒപ്പം നേരത്തെ നല്‍കിയ 123 കോടി രൂപയുടെ സഹായ അഭ്യര്‍ത്ഥന പിന്‍വലിച്ച് കെഎസ്ആര്‍ടിസി സര്‍ക്കാറിന് പുതിയ അപേക്ഷ സമര്‍പ്പിച്ചു.103 കോടി രൂപയുടെ പുതിയ അഭ്യര്‍ത്ഥനയാണ് സര്‍ക്കാറിന് മുന്നില്‍ വെച്ചത്. ഇതില്‍ 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്. ആഗസ്റ്റ് 10 കഴിഞ്ഞിട്ടും ശമ്പള വിതരണം വൈകുന്നതില്‍ കെഎസ്ആര്‍ടിസി സിഎംഡിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കേരള ഹൈക്കോടതി നടത്തിയത്.