Sunday, May 19, 2024
keralaLocal NewsNews

കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സൗഹൃദ വസന്തം.

കൂവപ്പള്ളി കടന്നു പോയ 2020 നെ കുറ്റപ്പെടുത്താത്തവരായി ആരും തന്നെ കാണില്ല. പക്ഷേ മറിച്ചൊരു അഭിപ്രായമാണ് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ 93 ബാച്ചുകാരുടേത്.ഈ ബാച്ചില്‍ നിന്നും വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരും കോവിഡ് കാലത്ത് ഒറ്റപ്പെട്ട് പോയവരുമായവരെ 93 ബാച്ച് വിദ്യാര്‍ത്ഥിയായ ആരിഫ് മുഹമ്മദ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒന്നിപ്പിച്ചപ്പോള്‍ പഴയ സ്‌കൂളിന്റെ കളിചിരി കളിലേയ്ക്ക് ബാല്യത്തിന്റെ ആവേശത്തോടെയാണ് എല്ലാവരും ഒത്തുചേര്‍ന്നത്.ഓര്‍മ്മകളുടെ അയവിറക്കുകള്‍ക്കപ്പുറം നന്മയുടെ പൂക്കാലം കൂടി അപ്പോളവിടെ വിരുന്നെത്തി. പഠനോപകരണങ്ങളുടെ വിതരണം ,സാമ്പത്തിക സഹായങ്ങള്‍, സൗഹൃദകൂട്ടായ്മകള്‍ തുടങ്ങി ഒരു പാട് കാര്യങ്ങള്‍ ഇവര്‍ക്ക് പറയാനുണ്ട്. 2021 ജനുവരി 1 ന് 10 ല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ സ്‌കൂള്‍ പരിസരം വ്യത്തിയാക്കാനുള്ള ആശയം പങ്കുവച്ചത് ഇതേ ബാച്ചില്‍ പെട്ട നിലവിലെ സ്‌കൂള്‍ പി റ്റി എ പ്രസിഡന്റായ ബിജോജി തോമസ് പൊക്കാളശ്ശേരിയാണ്. കൂടാതെ ഈ ബാച്ചിലെ മറ്റ് ചിലരുടെയും മക്കള്‍ ഈ സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. ഈ ചങ്ങാതിക്കൂട്ടം ഏക മനസ്സോടെ ഒത്തുചേര്‍ന്നപ്പോള്‍ സ്‌കൂള്‍ പരിസരം മനോഹരമായി.

ഒരമ്മ മനസോടെ സകൂളിനെ നയിക്കുന്ന ശ്രീമതി ബീനവര്‍ഗീസ് ടീച്ചറും സഹായ ഹസ്തങ്ങളുമായി മാനേജര്‍ റവ.ഫാ.ഇമ്മാനുവേല്‍ മടുക്കക്കുഴിയും അധ്യാപകരും സ്റ്റാഫ് അംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ നാടിനൊരു മാതൃകയായി. 93 ബാച്ചുകാരെല്ലാം തങ്ങള്‍ പഠിച്ച ക്ലാസിലെ ബഞ്ചുകളിലിരുന്ന് നിര്‍വചിക്കാനാവാത്ത ഒരുള്‍ത്താളത്തിന്റെ അകമ്പടിയില്‍ അവര്‍ ഒന്നിച്ചിരുന്നു .