Tuesday, June 18, 2024
indiakeralaNewsObituaryworld

കുവൈത്ത് ദുരന്തം; 45 ഇന്ത്യക്കാര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

തിരുവനന്തപുരം: കുവൈത്തില്‍ ഇന്ന് ഉണ്ടായ തീപിടിത്തത്തില്‍ 45 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും ഔദ്യോഗിക സ്ഥിരീകരണം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവില്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടത്.

ഇതില്‍ 23 പേര്‍ മലയാളികളാണെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. 40 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫ്‌ലൈറ്റ് സംബന്ധിച്ച വിവരം ഇന്ത്യന്‍ എംബസിയില്‍ നിന്ന് കിട്ടിയിട്ടില്ല. കുവൈത്ത് എയര്‍വെയ്‌സ് ചാറ്റേര്‍ഡ് ഫ്‌ലൈറ്റില്‍ മൃതദേഹങ്ങള്‍ എത്തിക്കുമെന്നാണ് കിട്ടുന്ന വിവരം. ഏത് വിമാനത്താവളത്തിലായിരിക്കും വിമാനം എത്തുക എന്ന് വ്യക്തമായിട്ടില്ല. കേരളത്തില്‍ എത്തിച്ചതിന് ശേഷം മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനം ആണോ, കുവൈത്ത് എയര്‍വെയ്‌സ് വിമാനം ആണോ എന്നത് സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല. എംബസിയുമായി സംസാരിക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളില്‍ കൃത്യമായ വിവരം കിട്ടിയേക്കും. അപകടവുമായി ബന്ധപ്പെട്ട് കമ്പനി ഉടമയുമായി ബന്ധപ്പെട്ടിട്ടില്ല. നിലവില്‍ ശ്രദ്ധ രക്ഷാദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകകേരള സഭയുടെ ശക്തിയാണ് കുവൈത്തില്‍ ഇപ്പോള്‍ കാണുന്ന ഹെല്‍പ്പ് ഡെസ്‌കെന്നും ഒരു മണിക്കൂറിനുള്ളില്‍ ഹെല്പ് ഡെസ്‌ക് സജ്ജമാക്കാനായെന്നും ഇത് പ്രവാസികളുടെ ശക്തിയാണെന്നും ലോക കേരള സഭയുടെ പ്രതിഫലനമാണ് ഇതെന്നും അജിത്ത് കോളശേരി പറഞ്ഞു. തിരിച്ചറിയാന്‍ ഉള്ളവരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് ഹെല്‍പ് ഡെസ്‌കില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

23 മലയാളികളാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. 9പേര്‍ പരിക്കേറ്റ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

നോര്‍ക്ക അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ട മരിച്ച 23 മലയാളികളുടെ പേര് വിവരങ്ങള്‍

1. തോമസ് ചിറയില്‍ ഉമ്മന്‍ – തിരുവല്ല, പത്തനംതിട്ട
2. അനീഷ് കുമാര്‍ – കടലായി, കണ്ണൂര്‍
3. ഷമീര്‍ ഉമ്മറുദ്ദീന്‍ – ശൂരനാട്, കൊല്ലം.
4. മാത്യു തോമസ് – ചെങ്ങന്നൂര്‍, ആലപ്പുഴ
5. അരുണ്‍ ബാബു – നെടുമങ്ങാട്, തിരു
6. കേളു പൊന്‍മലേരി – തൃക്കരിപ്പൂര്‍, കാസര്‍കോഡ്
7. സാജു വര്‍ഗീസ് – കോന്നി, പത്തനംതിട്ട
8. രഞ്ജിത്ത് -ചേര്‍ക്കള, കാസര്‍കോട്
9. ആകാശ് ശശിധരന്‍ നായര്‍ – പന്തളം, പത്തനംതിട്ട
10. ഷിബു വര്‍ഗ്ഗീസ്- പായിപാട്, കോട്ടയം.
11. നൂഹ് – തിരൂര്‍, മലപ്പുറം.
12. ബാഹുലേയന്‍ – പുലമന്തോള്‍, മലപ്പുറം.
13. സ്റ്റെഫിന് എബ്രഹാം സാബു – പാമ്പാടി, കോട്ടയം.
14. സാജന്‍ ജോര്‍ജ്ജ് – കരവല്ലൂര്‍, കൊല്ലം.
15. മുരളീധരന്‍ നായര്‍- മല്ലശ്ശേരി, പത്തനംതിട്ട.
16. ലൂക്കോസ് – ആദിച്ചനല്ലൂര്‍, കൊല്ലം.
17. ശ്രീഹരി പ്രദീപ് – ചങ്ങനാശ്ശേരി, കോട്ടയം.
18. ശ്രീജേഷ് തങ്കപ്പന്‍ നായര്‍ – ഇടവ, തിരുവനന്തപുരം.
19. ബിനോയ് തോമസ്- ചിറ്റാറ്റുകര, തൃശൂര്‍.
20. നിതിന്‍ – വയക്കര, കണ്ണൂര്‍.
21. സുമേഷ് സുന്ദരന്‍ പിള്ള- പെരിനാട്, കൊല്ലം.
22. വിശ്വാസ് കൃഷ്ണന്‍ – തലശ്ശേരി, കണ്ണൂര്‍.
23. സിബിന്‍ എബ്രഹാം- മല്ലപ്പള്ളി, പത്തനംതിട്ട.