Wednesday, May 1, 2024
keralaNews

കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വസമ്മതര്‍ : ആഞ്ഞടിച്ച് പ്രതിഭ

ആലപ്പുഴ.തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വ്വസമ്മതരാണെന്നും ഇത്തരക്കാര്‍ ഒരുകാലത്ത് ചവറ്റുകൊട്ടയിലാകുമെന്നും കാലം കണക്ക് ചോദിക്കുമെന്നും യു. പ്രതിഭ. ഫെയ്‌സ്ബുക് കുറിപ്പിലാണ് യു. പ്രതിഭ കുറിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തിലെ വോട്ടുചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന് കായംകുളം എംഎല്‍എ യു. പ്രതിഭ. സിപിഎം ഏരിയാ കമ്മിറ്റിക്കെതിരെയും യു. പ്രതിഭ വിമര്‍ശനം ഉയര്‍ത്തി.തന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതും ദുരൂഹമാണെന്നും പ്രതിഭ ആരോപിച്ചു. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് വിശ്വസിക്കുന്നില്ലെന്നും അമ്പലപ്പുഴ തിരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്നും ഏറ്റവും കൂടുതല്‍ വോട്ട്‌ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണെന്നും പ്രതിഭ ആരോപിക്കുന്നു.

2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ മെമ്പറായിപ്രവര്‍ത്തനം ആരംഭിച്ച തനിക്ക് ഇന്നും എന്നും തന്റെ പാര്‍ട്ടിയോട് ഇഷ്ടമാണെന്നും കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും ഫെയ്‌സ്ബുക് കുറിപ്പില്‍ യു. പ്രതിഭ ഓര്‍മപ്പെടുത്തുന്നു.