Wednesday, May 15, 2024
keralaNews

കാവ്യ മാധവന്റെ അമ്മയെ ചോദ്യം ചെയ്തു

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമള മാധവന്‍, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ അമ്മ ശ്യാമള മാധവന്റെ പേരിലാണു ഈ സിം കാര്‍ഡ്. ഇതിലാണ് അന്വേഷണ സംഘം വിശദീകരണം തേടിയത്.

അതിനിടെ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. പരിശോധനയ്ക്കുള്ള അപേക്ഷയുടെ ലക്ഷ്യമെന്താണെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്നു കോടതി നിര്‍ദേശിച്ചു.