Tuesday, April 23, 2024
keralaNewspolitics

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം ഇനി ഏറ്റെടുക്കും :ഗവര്‍ണര്‍

ദില്ലി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം, പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയം തുടങ്ങിയവ ഇനി ഏറ്റെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശീയതലത്തില്‍ അടക്കം വിഷയം ശക്തമായി ഉയര്‍ത്തും.നടക്കുന്നത് തട്ടിപ്പാണ്.നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്.യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരും ? -അദ്ദേഹം ചോദിച്ചു.കോടതിയില്‍ എത്തിയാല്‍ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ആണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ഇത് സര്‍ക്കാരിന്റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാകില്ല. എന്നാല്‍ ഇത് ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.