Friday, May 17, 2024
indiaNewsworld

കാബൂളിന് തൊട്ടരികെ താലിബാന്‍

ഒടുവില്‍ താലിബാന് മുന്നില്‍ വീഴാനൊരുങ്ങി കാബൂളും. കാബൂളിന് തൊട്ടരികെയുള്ള പ്രവിശ്യയില്‍ കനത്ത പോരാട്ടം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിന്റെ വടക്കന്‍ മേഖലയിലുള്ള മസര്‍-എ-ഷെരീഫിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഇത് താലിബാന്‍ വിരുദ്ധപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്നു.അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 18 എണ്ണവും നിലവില്‍ താലിബാന്റെ അധീനതയിലാണ്. അമേരിക്ക അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അതിവേഗം സ്വന്തം പൗരന്‍മാരെ അവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. രാജ്യത്തെ പല എംബസികളും അതിവേഗം അടയ്ക്കുകയും ചെയ്യുന്നു. സ്ഥിതി അതീവഗുരുതരമാണെന്നും അയല്‍രാജ്യങ്ങളോട് അതിര്‍ത്തി തുറക്കണമെന്നും ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിക്കുന്നു.താലിബാന്‍ എത്തി ക്യാമ്പുകളുറപ്പിച്ച കാബൂളിന്റെ അതിര്‍ത്തി മേഖലകളില്‍ നിലവില്‍ യുഎസ് സേന ആക്രമണം നടത്തുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളിന് വെറും 40 കിമീ അകലെയുള്ള മൈദാന്‍ ഷറിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. അടുത്ത 30 ദിവസത്തിനുള്ളില്‍ താലിബാന്‍ കാബൂളിനകത്തേക്ക് കടന്ന്, അധികാരമുറപ്പിച്ചേക്കുമെന്നാണ് യുഎസ് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് പൗരന്‍മാരെ അവര്‍ അതിവേഗം ഒഴിപ്പിക്കുന്നത്.സ്ഥിതി ഗുരുതരമായി, കാബൂളും താലിബാന് അടിയറ പറയേണ്ടി വരുമെന്ന സ്ഥിതി വന്നതോടെ ആദ്യമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി മൗനം വെടിഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. റെക്കോഡ് ചെയ്ത ഒരു പ്രസ്താവനയില്‍ അഫ്ഗാന്‍ സേനയെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അഷ്‌റഫ് ഗനി പറഞ്ഞു. ഇത്ര കാലമായിട്ടും, പകുതിയിലധികം പ്രവിശ്യാതലസ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചിട്ടും ഗനി ഭരണകൂടം ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന മാത്രമാണ് ഗനി നടത്തുന്നതെന്നതില്‍ അഫ്ഗാന്‍ ജനങ്ങളില്‍ത്തന്നെ നിരാശ പ്രകടമാണ്.