Wednesday, May 15, 2024
indiaNewsworld

കശ്മീര്‍ ഐക്യദാര്‍ഢ്യം. വിഘടനവാദികളെ പിന്തുണച്ചതില്‍ ടൊയോട്ടയും മാപ്പ് ചോദിച്ചു

ന്യൂഡല്‍ഹി : കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ വിഘടനവാദികളെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റിട്ടതില്‍ മാപ്പ് പറഞ്ഞ് ടൊയോട്ടയും. സമൂഹമാദ്ധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹന നിര്‍മ്മാണ കമ്പനി മാപ്പപേക്ഷിച്ചത്. പാക് അനുകൂല പോസ്റ്റിട്ടതില്‍ ഹ്യൂണ്ടായും മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടൊയോട്ടയും മാപ്പിരന്ന് രംഗത്തുവരുന്നത്.

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കമ്പനിയുടെ ഖേദപ്രകടനം. തങ്ങളുടെ ട്വീറ്റ് ഇന്ത്യക്കാരുടെ വികാരത്തെ ഹനിച്ചെങ്കില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമ്പനി പറഞ്ഞു. ആഗോളതലത്തില്‍ വ്യാപിച്ചുകിടക്കുന്ന വലിയ ശൃംഖലയാണ് ടൊയോട്ട. തങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണയും സഹകരണവും ലക്ഷ്യമിടുന്നു. രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടൊയാറ്റോ. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ടൊയോട്ട വ്യക്തമാക്കി.

 

ട്വിറ്ററിലൂടെയായിരുന്നു പാകിസ്താന്‍ അനുകൂല പരാമര്‍ശവുമായി ടൊയോട്ട രംഗത്ത് വന്നത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു കമ്പനി ട്വീറ്റ് ചെയ്തത്. നിമിഷ നേരങ്ങള്‍ കൊണ്ടാണ് ഇന്ത്യക്കാരില്‍ നിന്നും കമ്പനിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.