Tuesday, May 14, 2024
indiaNewspolitics

കരാറുകാരന്റെ മരണം; കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജി വച്ചു

ബംഗളൂരു: കരാറുകാരന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ രാജി വച്ചു. ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് രാജി.                               

രാജിക്കത്ത് നാളെ മുഖ്യമന്ത്രിക്ക് ബസവരാജ് ബൊമ്മയ്ക്ക് കൈമാറും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും കരാറുകാരന്റെ മരണത്തില്‍ ധാര്‍മ്മികത കണക്കിലെടുത്താണ് രാജിയെന്നും ഈശ്വരപ്പ പറഞ്ഞു.

കരാറുകാരന്‍ സന്തോഷിനെ അറിയില്ലെന്നാണ് മന്ത്രി ഈശ്വരപ്പ പറഞ്ഞത്. എന്നാല്‍ ഈശ്വരപ്പയുമായി സന്തോഷ് കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു സന്തോഷിന്റെ വെളിപ്പെടുത്തല്‍.

മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയായ സന്തോഷ് ബിജെപി നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയുടെ സമയം തേടിയിരുന്നു.

ചൊവ്വാഴ്ച ദില്ലിക്ക് തിരിക്കാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ സമയം തേടിയതിന് പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കുടുംബം വ്യക്തമാക്കി.

ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോര്‍ട്ടെങ്കിലും കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ആത്മഹത്യാപ്രേരണ കുറ്റത്തിന് മന്ത്രിക്ക് എതിരെ കേസെടുത്തിരുന്നു. അടിയന്തര ഇടപെടല്‍ തേടി രാഷ്ട്രപതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. അറസ്റ്റ് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാനാണ് തീരുമാനം.

സുതാര്യമായ അന്വേഷണം നടക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. വീട്ടുവളപ്പില്‍ സംസ്‌കരിച്ചു