Tuesday, May 14, 2024
EntertainmentkeralaNews

കരള്‍ മാറ്റിവയ്ക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ വിജയന്‍ കാരന്തൂര്‍

ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയിലുള്ള നടനാണ് വിജയന്‍ കാരന്തൂര്‍. കരള്‍ രോഗ ബാധിതാണ് ഇപ്പോള്‍ വിജയന്‍ കാരന്തൂര്‍. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ് ഇപ്പോള്‍ താന്‍ എന്ന് വിജയന്‍ കാരന്തൂര്‍ പറയുന്നു. കരളര്‍ ദാതാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് സാമൂഹ്യമാധ്യമത്തിലൂടെ വിജയന്‍ കാരന്തൂര്‍ അഭ്യര്‍ഥിച്ചു.പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സയ്ക്കായി നല്ലൊരു തുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ധന്യാവസ്ഥയിലാണ്. കരള്‍ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്ന് വിജയന്‍ കാരന്തൂര്‍ അറിയിക്കുന്നു.

ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ട് ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്നും വിജയന്‍ കാരന്തൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേര്‍ വിജയന്‍ കാരന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ ഇപ്പോഴത്തെ ഫോട്ടോയും വിജയന്‍ കാരന്തൂര്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമയ്ക്ക് പുറമേ നിരവധി നാടകങ്ങളുടെയും ഭാഗമായിട്ടുണ്ട് വിജയന്‍ കാരന്തൂര്‍. സംവിധായകനായും അഭിനയ പരിശീലകനായും വിജയന്‍ കാരന്തൂര്‍ പ്രവര്‍ത്തിച്ചു. 1973ല്‍ പ്രദര്‍ശനത്തിന് എത്തിയ ‘മരം’ എന്ന ചിത്രത്തിലൂടെ വിജയന്‍ കാരന്തൂര്‍ വെള്ളിത്തിരയിലെത്തുന്നത്. ‘വേഷം’, ‘ചന്ദ്രോത്സവം’, ‘വാസ്തവം’, ‘നസ്രാണി’, ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘പരുന്ത്’, ‘ഇയ്യോബിന്റെ പുസ്തകം’, ‘മായാവി’, ‘അണ്ടര്‍ വേള്‍ഡ്’ തുടങ്ങിയവയാണ് വിജയന്‍ കാരന്തൂര്‍ അഭിനയിച്ച പ്രധാനപ്പെട്ട ചിത്രങ്ങള്‍.